Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ഇനി ആര്‍ക്കും ഭൂമി വാങ്ങാം; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്ക് തുടരുന്നു

ന്യൂദല്‍ഹി-  ഭരണഘടനയിലെ 370, 35എ വകുപ്പുകള്‍ റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ നിയമങ്ങള്‍ ഭേദഗതി ചെയ്ത് കശ്മീരില്‍ ഇപ്പോള്‍ ഏതൊരു ഇന്ത്യന്‍ പൗരനും സ്വന്തമായി ഭൂമി വാങ്ങാന്‍ വഴിയൊരുക്കി. ഭൂനിയമങ്ങളിലെ മാറ്റങ്ങള്‍ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. കൃഷിഭൂമിയിലും പൊതു ആവശ്യങ്ങല്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. ജമ്മു കശ്മീര്‍ ഡെവലപ്‌മെന്റ് ആക്ടിലാണ് കാര്യമായ ഭേദഗതി വരുത്തിയത്. ഭൂമിയുടെ അവകാശം സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്കു മാത്രമാണെന്ന പരാമര്‍ശം ഈ നിയമത്തില്‍ നിന്ന് വെട്ടിക്കളഞ്ഞു.

അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ നിലനിര്‍ത്തുകയും ഇവിടെ ഇന്ത്യക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ ഇപ്പോഴും അവകാശമില്ലാത്തതും ചോദ്യം ചെയ്യപ്പെടുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട വടക്കു കിഴക്കന്‍ മേഖലയുടെ വലിയൊരു ഭാഗത്തും ഗോത്ര വിഭാഗക്കാരല്ലാത്തവര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും ഭൂമി വാങ്ങാന്‍ അവകാശമില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലയിലെ ഭരണാധികാരങ്ങളാണ് ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു പ്രകാരം സ്വയംഭരണ ജില്ലാ കൗണ്‍സിലുകള്‍ക്ക് പുറത്തു നിന്നുള്ളവരെ തടയാന്‍ നിയമം നിര്‍മ്മിക്കാം. ഭരണഘടനയുടെ 244ാം വകുപ്പിനു കീഴിലാണിത്.

മിസോറാം, നാഗാലാന്‍ഡ് (ദിമപൂര്‍ ഒഴികെ) എന്നീ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ 371ജി, 371എ വകുപ്പുകളാണ് സംരക്ഷിക്കുന്നത്. ഇവിടെ തദ്ദേശീയര്‍ക്കു മാത്രമെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്ളൂ. ഇതിനു പുറമെ മേഖലയിലെ പല സംസ്ഥാനങ്ങളിലേക്കും പുറത്തു നിന്നുള്ളവര്‍ത്ത് എത്തണമെങ്കില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന പ്രത്യേക മുന്‍കൂര്‍ അനുമതിയും വേണം. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശം സംരക്ഷിച്ചു പോരുന്ന കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ മാത്രം പ്രത്യേക അവകാശം എടുത്തു കളഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതു പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിച്ച് സമര രംഗത്തിറങ്ങിയിരിക്കുകയാണ്. പുറത്തു നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാന്‍ അവകാശം നല്‍കുന്ന നിയമഭേദഗതികളെ ചോദ്യം ചെയ്ത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
 

Latest News