ഇസ്‌ലാമാബാദ്- ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പ്രസ്താവനകളെ ചൊല്ലി മുസ്‌ലിം രാജ്യങ്ങളും ഫ്രാന്‍സും തമ്മില്‍ ഉരസല്‍ നടക്കുന്നതിനിടെ ഫ്രാന്‍സില്‍ നിന്നും തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കാന്‍ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പ്രമേയം പാസാക്കി. പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്. പാക്കിസ്ഥാനു ഫ്രാന്‍സില്‍ നിലവില്‍ സ്ഥാനപതി ഇല്ല. അവസാനമായി മൂന്നു മാസം മുമ്പാണ് പാരിസില്‍ പാക് അംബാസഡറായി മൊയിനുല്‍ ഹഖ് ഉണ്ടായിരുന്നത്. ഹഖിനെ ചൈനയിലേക്കു സ്ഥലം മാറ്റിയതിനു ശേഷം ഫ്രാന്‍സില്‍ പാക്കിസ്ഥാന്‍ പുതിയ അംബാസഡറെ നിയമിച്ചിട്ടില്ല.
ഇല്ലാത്ത സ്ഥാനപതിയെ തിരിച്ചു വിളിക്കാനുള്ള പ്രമേയം കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഉണ്ടെന്നതാണ് രസകരമായ വസ്തുത. ഫ്രാന്‍സില്‍ പാക്കിസ്ഥാനു സ്ഥാനപതി നിലവിലില്ല എന്ന കാര്യം തന്റെ ജോലിയുടെ ഭാഗമായെങ്കിലും വിദേശകാര്യ മന്ത്രി അറിഞ്ഞിരിക്കേണ്ടതായിരുന്നു എന്നും വിമര്‍ശനം ഉണ്ടായി. കാര്യം ഇങ്ങനെയാണെങ്കില്‍ ഇല്ലാത്ത സ്ഥാനപതിയെ പാക്കിസ്ഥാന്‍ ഇസ്‌ലാമാബാദിലേക്കു തിരിച്ചു വിളിച്ചു. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിലെ ഫ്രഞ്ച് അംബാസഡറെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തിയിരുന്നു.