ഫരീദാബാദ്- പരീക്ഷ എഴുതാന്‍ കോളെജിലേക്കു പോയ 21കാരിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് വെടിവച്ചു കൊന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ നികിത തോമര്‍ എന്ന വിദ്യാര്‍ത്ഥിയേയാണ് പുറത്ത് കാറില്‍ കാത്തിരുന്ന തൗസീഫ് എന്ന യുവാവ് വെടിവച്ചത്. നികിതയെ പ്രതി കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇതു ചെറുത്തതോടെയാണ് അക്രമി തോക്കെടുത്ത് വെടിവച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.40ന് നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. യുവതി വെടിയേറ്റു വീണതോടെ തൗസീഫിനെ കുടെയുണ്ടായിരന്ന സുഹൃത്ത് റെഹാന്‍ കാറിലേക്ക് വലിച്ചു കൊണ്ടു പോയി ഇരുവരും സ്ഥലം വിടുന്നതും ദൃശ്യത്തില്‍ കാണാം. നികിതയും കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയും അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നാതായും വിഡിയോയില്‍ ഉണ്ട്. എന്നാല്‍ ഒടുവില്‍ പ്രതി നികിതയെ തൊട്ടടുത്ത് നിന്ന് വെടിവച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ കിടന്ന് നികിത പിടയുമ്പോള്‍ പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടു പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട നികിതയും പ്രതി തൗസീഫും നേരത്തെ പരസ്പരം അറിയുന്നവരാണ്. നികിതയെ തൗസീഫ് 2018ലും തട്ടിക്കൊണ്ടു പോയിരുന്നു. അന്ന് തൗസീഫിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും തന്റെ മകളുടെ പേര് സംരക്ഷിക്കാനായി പിന്നീട് പിന്‍വലിച്ചെന്ന് നികിതയുടെ പിതാവ് പറഞ്ഞു.