മുസാഫര്‍പൂര്‍- തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെതിരെ ചെരിപ്പേറ് നടന്ന സംഭവത്തില്‍ മുസാഫര്‍പൂര്‍ സക്രയില്‍ നാല് പേരെ പോലീസ് കസ്റ്റ്ഡിയിലെടുത്തു.
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ഹെലികോപ്റ്ററില്‍ കയറാന്‍ പോകുമ്പോഴാണ് സംഭവം.
നിതീഷ് കുമാര്‍ ചോപ്പറിനടുത്തല്ലാത്തതു കൊണ്ട് ചെരിപ്പ് അദ്ദേഹത്തിനു മേല്‍ പതിച്ചില്ല. മുഖ്യമന്ത്രിയുടെ റാലിയില്‍ കുഴപ്പമുണ്ടാക്കിയതിനാണ് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലികളില്‍ ബിഹാര്‍ മുഖ്യമന്ത്രി നേരിട്ട പ്രതിഷേധ പരമ്പരയില്‍ ഒടുവിലത്തേതാണ് സക്ര സംഭവം.
പലയിടത്തും നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി നിതീഷ് രോഷത്തോടെയാണ് പെരുമാറിയത്. രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണിതെന്നും നിങ്ങളുടെ വോട്ട് വേണ്ടെന്നുമാണ് നിതീഷ് പ്രതികരിച്ചിരുന്നത്.