ന്യൂദല്‍ഹി- കുട്ടികളെ ഒറ്റയ്ക്ക് പോറ്റുന്ന പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുട്ടികളുടെ സംരക്ഷണത്തിനായി അവധി എടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒറ്റയ്ക്ക് കുട്ടികളെ പോറ്റിവളര്‍ത്തേണ്ട ഉത്തരവാദിത്തമുള്ള അവിവാഹിതരോ വിവാഹ മോചിതരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഈ ആനുകൂല്യമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സിംഗിള്‍ പാരന്റായ ഉദ്യോഗസ്ഥരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പുരോഗമനപരമായ പരിഷ്‌ക്കരണമാണിതെന്നും മന്ത്രി വിശേഷിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് നേരത്തെ ഇറക്കിയിരുന്നെങ്കിലും അത് പോതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ ലഭിക്കാതെ പോയതാണെന്നും അദ്ദേഹം പറഞ്ഞു. ചൈല്‍ഡ് കെയര്‍ ലീവിലുള്ള സിംഗിള്‍ പാരന്റ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അധികാരികളുടെ മുന്‍കൂര്‍ അനുമതിയോടെ ഓഫീസ് വിടാമെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമെ ഇവര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷനും (എല്‍ടിസി) ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തേക്ക് പൂര്‍ണ ശമ്പളത്തോടെയാണ് ചൈല്‍ഡ് കെയര്‍ അവധി ലഭിക്കുക. രണ്ടാം വര്‍ഷത്തേക്ക് 80 ശതമാനം ശമ്പളത്തോടെയും അവധി ലഭിക്കും. ഭിന്ന ശേഷിയുള്ള കുട്ടിയാണെങ്കില്‍ 22 വയസ്സു വരെ മാത്രമെ അവധി ലഭിക്കൂവെന്ന ചട്ടം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.