മുംബൈ-ഓണ്‍ലൈന്‍ ക്ലാസ്സില്‍ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയാഞ്ഞതിന് പന്ത്രണ്ടുകാരിയായ മകളെ പെന്‍സില്‍ കൊണ്ട് കുത്തിയ അമ്മയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. മകള്‍ ടീച്ചര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ നില്‍ക്കുന്നത് കണ്ട മുപ്പത്തഞ്ചുകാരിയായ അമ്മ, മകളുടെ ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ നിന്ന് അറ്റം കൂര്‍ത്ത പെന്‍സിലെടുത്ത് അവളുടെ പുറത്തും തോളിലുമായി ഒന്നിലധികം തവണ കുത്തി എന്നാണ് സാന്താ ക്രൂസ് പോലീസ് പറഞ്ഞത്. അതുകൊണ്ടും അരിശം തീരാഞ്ഞ് അമ്മ മകളുടെ കൈയ്ക്ക് പിടിച്ച് നിരവധി തവണ കടിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. സാന്താക്രൂസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം നടന്നത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അമ്മയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി. വിര്‍ച്വല്‍ ക്ലാസ്സിലെ മകളുടെ മോശം പ്രകടനം അമ്മയ്ക്ക് അപമാനകരമായി അനുഭവപ്പെട്ടതാണ് ആക്രമണത്തിന് അമ്മയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. അമ്മ ചേച്ചിയെ ആക്രമിക്കുന്നത് കണ്ടുനിന്ന ഇളയ കുട്ടി ഫോണെടുത്ത് 1098 എന്ന ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ അമ്മയെ നേരില്‍ കണ്ടു കൗണ്‍സിലിംഗ് നടത്താന്‍ ശ്രമിച്ചെങ്കിലും അവരോടും കുട്ടികളുടെ അമ്മ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് വിവരം പോലീസിനെ അറിയിച്ച് കേസ് തന്നെ രജിസ്റ്റര്‍ ചെയ്യുന്നത്.