ന്യുദല്‍ഹി- 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യയുമായി ബന്ധപ്പെട്ട് ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ ചായ പോലും സ്വീകരിച്ചില്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. നൂറിലേറെ ചോദ്യങ്ങില്‍ ഒന്നിനു പോലും ഒഴിഞ്ഞു മാറാതെ മോഡി ശാന്തനായി തന്നെ തുടര്‍ന്നുവെന്ന് കലാപം അന്വേഷിച്ച എസ്‌ഐടി തലവനും മുന്‍ സിബിഐ ഡയറക്ടറുമായ ആര്‍ കെ രാഘവന്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. ചോദ്യം ചെയ്യലിനായി ഗാന്ധിനഗറിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വരാനും മോഡി തയാറായി. കുടിക്കാന്‍ വെള്ളവുമായാണ് അദ്ദേഹം എത്തിയിരുന്നതെന്നും 'എ ന്യൂ റോഡ് വെല്‍ ട്രാവല്‍ഡ്' എന്ന പുസ്തകത്തില്‍ രാഘവന്‍ പറയുന്നു. ചോദ്യം ചെയ്യലിന് മോഡി നേരിട്ട് എസ്‌ഐടി ഓഫീസില്‍ എത്തിയില്ലെങ്കില്‍ അത് അന്വേഷണ സംഘം അദ്ദേഹത്തിന് അനൂകലമായി പെരുമാറുന്നുവെന്ന ധാരണ പരത്തുമെന്ന് മോഡിയുടെ സ്റ്റാഫിനെ അറിയിച്ചിരുന്നു. ഇതു മനസ്സിലാക്ക് നേരിട്ടു തന്നെ വരാന്‍ അദ്ദേഹം തയാറായെന്ന് രാഘവന്‍ വിശദീകരിക്കുന്നു. രഹസ്യ ധാരണ ഉണ്ടെന്ന ആരോപണം ഉയരാന്‍ സാധ്യതയുണ്ടെന്ന് കണ്ട് മോഡിയെ ചോദ്യം ചെയ്യാന്‍ അശോക് മല്‍ഹോത്ര എന്ന ഓഫീസറെ ചുമതലപ്പെടുത്തി താന്‍ വിട്ടു നിന്നതായും രാഘവന്‍ പറയുന്നു. ഇത് അസാധാരണ നടപടിയാണെന്നും അദ്ദേഹം പറയുന്നു. കേസില്‍ കോടതിയെ സഹായിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് കൂറി ഹരീഷ് സാല്‍വെ ഈ നിലപാടിനെ മാസങ്ങല്‍ക്കു ശേഷം അംഗീകരിച്ചെന്നും രാഘവന്‍ പറയുന്നു. രാത്രി വൈകിയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അത്രയും സമയം അദ്ദേഹത്തിന്റെ ഊര്‍ജ്വസ്വലനായി തന്നെ തുടര്‍ന്നുവെന്നും പുസ്തകം പുകഴ്ത്തുന്നു.
കേസില്‍ മോഡിക്കും മറ്റു 63 പേര്‍ക്കും ക്ലീറ്റ് ചിറ്റ് നല്‍കി 2012 ഫെബ്രുവരിയില്‍ എസ്‌ഐടി കേസ് അവസാനിപ്പിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മോഡിയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കുറ്റവിചാരണ നടത്താന്‍ തക്ക തെളിവുകളില്ലെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.