പ്രയാഗ്‌രാജ്- ഉത്തര്‍ പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നത് ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. ഇതിലൂടെ നിരവധി നിരപരാധികള്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പശുവിനെ കൊന്ന കേസില്‍ അറസ്റ്റിലായ ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പല കേസുകളിലും പിടിച്ചെടുക്കുന്ന മാംസം വിദഗ്ധ പരിശോധനയ്ക്കു പോലും അധികൃതര്‍ നല്‍കാതിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഏതെങ്കിലും മാംസം പിടികൂടുമ്പോഴെല്ലാം അത് ഫോറന്‍സിക് ലാബില്‍ പരിശോധിക്കുകയോ ഏതാണെന്ന് സ്ഥിരീകരിക്കുകയോ ചെയ്യാതെ സാധാരണ പശു ഇറച്ചിയായി (ബീഫ്) കാണിക്കുകയാണ് ചെയ്യുന്നത്. ചെയ്യാത്ത കുറ്റത്തിനാണ് ഈ കേസുകള്‍ നിരപരാധികളെ ജയിലില്‍ അടച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. പശുവിനെ അറുത്തെന്ന കേസില്‍ കുറ്റമാരോപിച്ച് ഒാഗസ്റ്റ് അഞ്ചിന് അറസ്റ്റിലായ റഹ്മുദ്ദീന് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്
പശുക്കളോടുള്ള അവയുടെ ഉടമകളുടെ പെരുമാറ്റത്തേയും കോടതി ചോദ്യം ചെയ്തു. പല പശുക്കളേയും ഉടമകള്‍ തെരുവില്‍ അലസമായി അലയാന്‍ വിട്ടിരിക്കുകയാണെന്നും ഇവയ്ക്ക രേഖകളോ മറ്റോ ഇല്ലെന്നും കോടതി പറഞ്ഞു. റോഡിലെ പശുക്കള്‍ ട്രാഫിക്കിന് തടസ്സമാണ്. പോലീസിനേയും നാട്ടുകാരേയും ഭയന്ന് ഇവയെ വാഹനത്തില്‍ കൊണ്ടു പോകാനും കഴിയാത്ത സ്ഥിതിയാണ്. ഇവയെ ഗോശാലകളിലോ അല്ലെങ്കിലും ഉടമകളുടെ നിയന്ത്രണത്തിലോ സംരക്ഷിക്കാന്‍ ഏന്തെങ്കിലും വഴി കണ്ടെ തീരുവെന്നും കോടതി വ്യക്തമാക്കി.