ഷാര്‍ജ- ആഗോള പ്രശസ്തമായ ഷാര്‍ജ പുസ്തക മേള സന്ദര്‍ശിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 'ലോകം ഷാര്‍ജയില്‍നിന്ന് വായിക്കുന്നു' എന്ന പ്രമേയത്തില്‍ നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ താവുനിലെ എക്‌സ്‌പോ സെന്ററിലാണ് 39-ാമത് രാജ്യാന്തര പുസ്തകമേള. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്താല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് പ്രവേശനം അനുവദിക്കുക. നാല് ഘട്ടങ്ങളിലായാണ് പുസ്തകമേളയിലേക്ക് സൗജന്യ പ്രവേശനം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ തെരഞ്ഞെടുത്ത സമയത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകള്‍ കൈയില്‍ ധരിക്കാന്‍ നല്‍കും. ഒരു സമയം അയ്യായിരത്തോളം പേര്‍ക്ക് പ്രവേശിക്കാം.
ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളില്‍നിന്ന് 1,024 പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ 80,000 പുതിയ തലക്കെട്ടുകളാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തില്‍നിന്ന് ഇത്തവണ പ്രസാധകര്‍ കുറവായിരിക്കും. ഇന്ത്യയില്‍നിന്ന് 100 ഓളം പ്രസാധകരാണുള്ളത്.
സാംസ്‌കാരിക രംഗത്തുനിന്ന് 60 പ്രമുഖര്‍ ഓണ്‍ലൈനിലൂടെ വായനക്കാരോട് സംവദിക്കും. ഇന്ത്യയില്‍നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂര്‍ എം.പിയും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ രവീന്ദര്‍ സിംഗുമാണ് പങ്കെടുക്കുക.
ഷാര്‍ജ പുസ്തക മേള സന്ദര്‍ശിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്:
registration.sibf.com
സാംസ്‌കാരിക പരിപാടികള്‍ കാണാന്‍
sharjahreads.com