ഗാസിയാബാദ്- ഛത്തീസ്ഗജിലെ ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ സെക്‌സ് വീഡിയോ തന്റെ പക്കലുണ്ടെന്നതിന്റെ പേരില്‍ മനപ്പൂര്‍വ്വം തന്നെ കുരുക്കിലാക്കുകയായിരുന്നുവെന്ന് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ. മന്ത്രി ഉള്‍പ്പെട്ട അശ്ലീല വീഡിയോ ഉണ്ടെന്ന് പറയപ്പെടുന്ന സിഡിയുമായി തനിക്കു ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പോലീസ് വാഹനത്തിലിരുന്നാണ് ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
'മന്ത്രിയുടെ വീഡിയോ എന്റെ പക്കലുള്ളതിനാല്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന് എന്നോട് അതൃപ്തിയുണ്ട്. എന്റ കയ്യിലുള്ളത് പെന്‍ ഡ്രൈവാണ്. സിഡിയുമായി ഒരു ബന്ധവുമില്ല. സിഡി പരസ്യമായതാണ്. വ്യക്തമായും എന്നെ കുരുക്കിലാക്കുകയായിരുന്നു,' അദ്ദേഹം പറഞ്ഞു. ഗാസിയാബാദ് കോടതിയില്‍ നിന്നും ഛത്തീസ്ഗഢ് പോലീസ് വര്‍മയെ കസ്റ്റഡയില്‍ എടുക്കാനാണു നീക്കം.
ഛത്തീസ്ഗഢ് ബിജെപി നേതാവ് പ്രകാശ് ബജാജിന്റെ പരാതിയിലാണ് മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകനും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗവുമായ വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. പണം നല്‍കിയില്ലെങ്കില്‍ മന്ത്രിയുടെ സെക്‌സ് വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വര്‍മ നിരന്തരം വിളിക്കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊള്ളപ്പണം തട്ടല്‍ കുറ്റം ചുമത്തിയാണ് വര്‍മയ്‌ക്കെതിരെ കേസെടുത്തത്.
ഗാസിയാബാദിലെ ഇന്ദ്രപുരത്തെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയ പോലീസ് വര്‍മയെ ദീര്‍ഘ നേരം ചോദ്യം ചെയ്യുകയും വീട് അരിച്ചു പെറുക്കുകയും ചെയ്തു. 500-ലേറെ സിഡികളും പെന്‍ഡ്രൈവുകളും ലാപ്‌ടോപും ഡയറിയും പോലീസ് പിടിച്ചെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വര്‍മ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുപേഷ് ഭാഗെലിന്റെ മാധ്യമ ഉപദേശകന്‍ കൂടിയാണ്. അറസ്റ്റിനെ ഭഗെല്‍ അപലപിച്ചു. സെക്‌സ് വീഡിയോയും പോലീസ് അന്വേഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ബിബിസി, അമര്‍ ഉജാല എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച വര്‍മ ഇപ്പോള്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്. 2016 മാര്‍ച്ചില്‍ ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ സംബന്ധിച്ച പഠിച്ച വസ്തുതാന്വേഷണ സമിയിലിലും വര്‍മ അംഗമായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിലും ഭീഷണികള്‍ക്കിടയിലുമാണ് ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന് സമിതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതായും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.