ന്യൂദല്‍ഹി- കരുത്തിലും അവസരങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചൈനയുടെ അതിക്രമങ്ങളുണ്ടാകുമ്പോള്‍ ജാഗ്രതയിലും തയാറെടുപ്പിലും ധൈര്യത്തിലും വീഴ്ചയുണ്ടാകാന്‍ പാടില്ലെന്നും ആര്‍എസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയദശമി ദിനാഘോഷ പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ഈ പ്രസ്താവനയെ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഭാഗവതിന് ഉള്ളില്‍ സത്യ അറിയാം. എന്നാല്‍ അതിനെ അഭിമുഖീകരിക്കാന്‍ ഭയമാണ്. കേന്ദ്ര സര്‍ക്കാരിന്റേയും ആര്‍എസ്എസിന്റേയും സഹായത്തോടെ ചൈന നമ്മുടെ ഭൂമി കയ്യേറിയിരിക്കുന്നു എന്നതാണ് സത്യമെന്നും രാഹുല്‍ ട്വീറ്റിലൂടെ മറുപടി നല്‍കി.
ചൈന എങ്ങനെയാണ് നമ്മുടെ അതിര്‍ത്തി അതിക്രമിച്ചു കടന്നതെന്നും ഇപ്പോഴും കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനു വ്യക്തമാണ്. അവരുടെ കടന്നുകയറ്റ പെരുമാറ്റത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഇന്ത്യയോടൊപ്പം തായ്‌വാന്‍, വിയറ്റ്‌നാം, യുഎസ്, ജപാന്‍ എന്നിവരോടാണ് ചൈന കൊമ്പുകോര്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ചൈനയെ ഞെട്ടിച്ചുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇതിനു മറുപടിയായി ഭാഗവതിന്റെ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.