ന്യൂദൽഹി- വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ടൈംസ് നൗ ചാനലിനെതിരെയുള്ള ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്ജുക്ത ബസുവിനെ 'ഹിന്ദു വിദ്വേഷി' എന്ന വിളിച്ച സംഭവത്തിലാണ് ടൈംസ് നൗവിനെതിരെ എൻ.ബി.എസ്.എയുടെ നടപടി. സഞ്ജുക്ത ബസുവിനോട് ചാനലിലൂടെ മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
നിരുത്തരവാദപരമായ വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ ചാനലുകൾ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് കണക്കു പറയേണ്ട സമയം എത്തി, ചാനലിനെതിരെ നിയമപരമായി പോരാടിയ സഞ്ജുക്ത ബസുവിനെ അഭിനന്ദിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
2018 ഏപ്രിൽ മാസത്തിൽ പ്രക്ഷേണം ചെയ്ത പരിപാടിയിലാണ് സഞ്ജുക്തയെ രാഹുൽ ഗാന്ധിയുടെ ട്രോൾ ആർമിയെന്നും ഹിന്ദു വിദ്വേഷിയെന്നും ചാനൽ ആരോപിച്ചത്.