മാവു- ഉത്തര്‍ പ്രദേശിലെ മാവു ജില്ലയില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം ചെറുത്ത 15കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് കെട്ടിടത്തിന് താഴേക്കെറിഞ്ഞു. അയല്‍ക്കാരായ യുവാക്കളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അസംഗഢ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് റിപോര്‍ട്ടുണ്ട്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ പെണ്‍കുട്ടിയെ പിടികൂടി ഒരു കെട്ടിടത്തിന്റെ ടറസിനു മുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നെന്നും പീഡനം ചെറുത്തപ്പോള്‍ താഴേക്കെറിയുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. മൂന്ന് പ്രതികളുടേയും പേരുകള്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്കെതിരെ കുടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു.