ന്യൂദല്‍ഹി- ഭരണഘടനയുടെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീര്‍ സംസ്ഥാനത്തിനുണ്ടായിരുന്ന റദ്ദാക്കപ്പെട്ട പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിച്ച് പ്രത്യേക പദവി തിരിച്ചുകിട്ടാന്‍ കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന്റെ പതാക തിരിച്ചുകൊണ്ടുവരുമെന്ന പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പ്രഖ്യാപനം ദേശീയ പതാകയോടുള്ള സ്പഷ്ടമായ നിന്ദയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ശരിയായ ഭരണഘടനാ നടപടികളിലൂടെയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പിന്തുണയാണ് ഇതിനു ലഭിച്ചതെന്നു മന്ത്രി പറഞ്ഞു. ദേശീയ പതാകയോട് മെഹ്ബൂബ ഗുരുതരമായ നിന്ദ കാണിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിശബ്ദരായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.