സിയോള്‍- ആഗോള ഇലക്ട്രോണിക്‌സ് ടെക്ക് ഭീമന്‍ സാംസങിന്റെ ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. ലീയുടെ നേതൃത്വത്തിലാണ് സാംസങ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായത്. ഇന്ന് കമ്പനിയുടെ വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ജിഡിപിയുടെ അഞ്ചിലൊന്ന് വരും. 78കാരനായ ലീ 2014 മുതല്‍ കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതവും അധികമൊന്നും പരസ്യമായിരുന്നില്ല. സാംസങിന്റെ ഒരു പ്രാദേശിക ബിസിനസില്‍ നിന്ന് ആഗോള തലത്തില്‍ ഒന്നാമതെത്തിച്ച കാര്യദര്‍ശിയായിരുന്നു ലീ എന്ന് കമ്പനി പറഞ്ഞു. ദക്ഷിണ കൊറിയയില്‍ കുടുംബ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കോര്‍പറേറ്റ് കമ്പനിയാണ് സാംസങ്. യുദ്ധക്കെടുതിയില്‍ നിന്നും ലോകത്തെ 12ാമത് ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി ദക്ഷിണ കൊറിയയെ മാറ്റിയെടുത്തതില്‍ സാംസങിന് നിര്‍ണായക പങ്കുണ്ട്.