കശ്മീര്‍- ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഴ്ചകള്‍ക്കു മുമ്പ് രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം നേതാവായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല എം.പിയെ തിരഞ്ഞെടുത്തു. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയാണ് ഉപാധ്യക്ഷ. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ ആണ് വക്താവ്. സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി കണ്‍വീനറും. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. ജമ്മു കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്. മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പതാക സഖ്യത്തിന്റെ മുഖ്യ ചിഹ്നമായും പ്രഖ്യാപിച്ചു.
370ാം ഭരണഘടനാ വകുപ്പ് റദ്ദാക്കി പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ഭരണം സംബന്ധിച്ച് ഒരു മാസത്തിനകം ധവള പത്രം ഇറക്കുമെന്ന് പുതിയ രാഷ്ട്രീയ സഖ്യം പറഞ്ഞു. ശ്രീനഗറിലെ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന് ഔദ്യോഗിക രൂപമായത്.
'ഗുപ്കര്‍ പ്രഖ്യാപനത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ ദേശവിരുദ്ധരും പിഴച്ചവരുമാണ്. ഞങ്ങള്‍ ബിജെപി വിരുദ്ധരാണ്. അതിനര്‍ത്ഥം ദേശവിരുദ്ധരാണ് എന്നല്ല. അവര്‍ ഈ രാജ്യത്തേയും അതിന്റെ ഭരണഘടനയേയും മുറിവേല്‍പ്പിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുനല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മതത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെ വിഭജിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടും,' ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഐ എം, പീപ്പിള്‍സ് മൂമെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ ആറു പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സഖ്യം രൂപീകരിച്ചത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനും ജനങ്ങളുടെ അവകാശത്തിനു വേണ്ടിയും സമാധാനപരമായ സമരത്തിന് ആഹ്വാനം ചെയ്താണ് പാര്‍ട്ടികള്‍ കൈകോര്‍ത്ത് സഖ്യം രൂപീകരിച്ചത്. നേരത്തെ ഈ പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കറില്‍ സമര പ്രഖ്യാപനം നടത്തിയിരുന്നു.