ബംഗളൂരു- കര്‍ണാടകയില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍ എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ മന്ത്രി കെ.ജെ. ജോര്‍ജിനും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സി.ബി.ഐ കേസെടുത്തു. നേരത്തെ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കര്‍ണാടക മന്ത്രിസഭയിലെ കരുത്തനാണ് ജോര്‍ജ്.
കേസില്‍ പുനരന്വേഷണം വേണമെന്ന് ഗണപതിയുടെ കുടുംബം ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെയാണ് സി.ബി.ഐ കേസ് വീണ്ടും അന്വേഷിച്ചത്. 2016 ജൂലൈയിലാണ് കര്‍ണാടക പോലീസ് ഡി.എസ്.പി ആയിരുന്ന എം.കെ ഗണപതി കുടകിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഒരു ടി.വി ചാനലിനോട് തന്നെ മന്ത്രി ജോര്‍ജും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നതായി ഗണപതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നഗര വികസന മന്ത്രിയായ ജോര്‍ജ് നേരത്തെ ആഭ്യന്തര മന്ത്രിയായിരുന്നു. അഴിമതി, വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ അന്വേഷണം നേരിട്ട പോലീസ് ഓഫാസറായിരുന്നു ഗണപതി. 'കേസ് സിബിഐ അന്വേഷിക്കട്ടെ. സുപ്രീം കോടതി അവസാനിപ്പിച്ച പഴയ കേസാണ് സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നത്,' ജോര്‍ജ് പ്രതികരിച്ചു.
അന്വേഷണത്തിന്റെ പുരോഗതി മൂന്ന് മാസത്തിനകം അറിയിക്കണമെന്ന് സി.ബി.ഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരായ പുതിയ സി.ബി.ഐ കേസ് കര്‍ണാടക മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ശബ്ദം കൂടുതല്‍ ശക്തമാക്കും. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും വിശദവും സുതാര്യവുമായ അന്വേഷണം നടത്തുമെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.