ന്യൂദല്‍ഹി-തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിച്ച് ഏറെ കാലം ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭവന്‍സ് എസ്.പി.ജെ.ഐ.എം.ആര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ജോലിയില്ലാത്ത ചെറുപ്പക്കാരെ കുറച്ച് കാലത്തേക്ക് ശ്രദ്ധതിരിച്ചുവിടാനാകും. എന്നാല്‍, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലിറങ്ങും. കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം, പക്ഷേ അവസാനം അത് പരാജയപ്പെടും.' അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നികുതികള്‍ സ്ഥാപിച്ച് ഇറക്കുമതി കുറക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ അത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്ത് പരാജയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കയറ്റുമതി നടത്താനായാലേ പ്രയോജനമുണ്ടാകൂ.
ചൈന ഉയര്‍ന്നുവന്നത് അസംബ്ലിങ് യൂണിറ്റുകളുടെ പിന്‍ബലത്തിലായിരുന്നു. ഘടകങ്ങള്‍ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിച്ച് കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കില്‍ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതിനു പകരം ഇന്ത്യയില്‍ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്.പണം ചെലവിടുന്നത് ശ്രദ്ധയോടും ബുദ്ധിപൂര്‍വവുമാണെങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിഫലം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ സാമ്പത്തിക വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ അനന്തരഫലങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.