Sorry, you need to enable JavaScript to visit this website.

അമ്പലത്തിൽ പോയാൽ ആർ.എസ്.എസ് ആകില്ല; കോടിയേരിക്ക് മറുപടിയുമായി തിരുവഞ്ചൂർ

കോട്ടയം -  അമ്പലത്തിൽ പോയാൽ ആർഎസ്എസുകാരാനാകില്ലെന്നും അങ്ങനെയെങ്കിൽ കോടിയേരിയും ആർഎസ്എസാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. താൻ ആർഎസ്എസ് കാര്യാലയത്തിൽ പോയെന്ന് തെളിയിക്കാൻ തിരുവഞ്ചൂർ കോടിയേരിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇടതു സർക്കാരിൽ ശിവശങ്കറിനുളള സ്വാധീനം പോലും കോടിയേരി ബാലകൃഷ്ണനില്ല. അങ്ങനെ ഒരുപാട് വിഷമങ്ങൾ ഉണ്ട്്. ജോസ് കെ മാണിക്ക് എൽഡിഎഫ് പ്രവേശനം ലഭിച്ചത് എക്പ്രസ് ഹൈവേയിലാണ്. എൽഡിഎഫ് താഴേക്ക് പതിക്കുന്ന മുന്നണിയാണ്. ഒരു ലിഫ്റ്റ് ആകുമെന്നു കരുതിയാണ് ജോസ് കെ മാണിയെ പ്രവേശിപ്പിച്ചത്.

തനിക്കെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പലതും തുറന്നുപറയും. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ ക്ഷേത്രകമ്മിറ്റി വിളിച്ചതനുസരിച്ചാണ് പരിപാടിക്ക് പോയതെന്ന് തിരുവഞ്ചൂർ പറഞ്ഞു. അതിനുശേഷം അന്നദാന മണ്ഡപം കാണാൻ ക്ഷേത്രഭാരവാഹികൾ ക്ഷണിച്ചു. അതനുസരിച്ചാണ് അവിടെ പോയത്. അങ്ങനെ ക്ഷേത്രത്തിൽ പോകുന്ന താൻ ആർ.എസ്.എസ് ആണെങ്കിൽ കോടിയേരി ബാലകൃഷ്ണനും ആർ.എസ്.എസാണ്്

മന്ത്രിയായിരിക്കെ കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ പൂമൂടൽ വഴിപാട് നടത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ. മാത്രമല്ല വിഎസ് അച്യുതാനന്ദനെതിരെ ശത്രുസംഹാര പൂജയും നടത്തി. ആ പൂജ ഇപ്പോൾ തിരിച്ചടിച്ച അവസ്ഥയാണ് കോടിയേരിക്ക് ഉണ്ടായിരിക്കുന്നത്. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.എമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായ വിഷമങ്ങളായിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ഇന്ന് ആദർശാധിഷ്ഠിത രാഷ്ട്രീയവും സി.പി.എമ്മും തമ്മിൽ പുലബന്ധം പോലുമില്ല തിരുവഞ്ചൂർ പറഞ്ഞു.പനച്ചിക്കാട് ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും പോകാറുണ്ട്. താൻ അവിടെ പോയത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പനൊപ്പമാണ്്. കുഴിമറ്റം സെന്റ് ജോർജ് ഓർത്തുഡോക്‌സ് പള്ളിയുടെ പഴയ ട്രസ്റ്റി കൂടിയാണ്. അവർ ആർ.എസ്.എസുമായി ചർച്ച നടത്തിയെന്നു പറയുന്നത് ആ പള്ളിയെ അപമാനിക്കുന്നതിനു തുല്യമാണ്. പഞ്ചായത്തംഗം എബിസൺ കെ. എബ്രഹാമും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു. രഹസ്യചർച്ചയാണെങ്കിൽ ആരെങ്കിലും പട്ടാപ്പകലാണോ പോകുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.ആർ.എസ്.എസിലെ ഏത് നേതാവുമായാണ് താൻ ചർച്ച നടത്തിയെന്ന് പറയാൻ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു.

പനച്ചിക്കാട് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ബിജെപി സഖ്യമാണ്്. 23 അംഗങ്ങളാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലുള്ളത്. ഇതിൽ പത്ത് പേർ മാത്രമാണ് എൽ.ഡി.എഫ്. അങ്ങനെയുള്ള മുന്നണിക്ക് എങ്ങനെ പഞ്ചായത്ത് ഭരിക്കാൻ കഴിയും. നാല് അംഗങ്ങളുള്ള ബി.ജെ.പി പിന്തുണയോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് സി.പി.എം ഭരിക്കുന്നത്. ഇക്കാര്യം നിയമസഭയിലുൾപ്പെടെ ചൂണ്ടിക്കാട്ടിയതാണ്. അതിന്റെ പേരിലാണ് തന്നെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നത്്്. ഏതായാലും കോട്ടയം ജില്ലയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കെതിരെ സി.പി.എംപ്രചാരണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.തനിക്കെതിരായ കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ  നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്.വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം കാരണം.
കേൾക്കാനാവാത്ത ഭാഷയാണ് സിപിഎം നേതാക്കൾ ചാനലിൽ പറയുന്നത്.ഇതും നിലവാരതകർച്ചയാണ് കാണിക്കുന്നത്്.


 

Latest News