ന്യൂദൽഹി- സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ നേരിട്ട് കേസെടുക്കുന്നതിൽ നിന്ന് സി.ബി.ഐയെ തടയാമെന്നത് വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അഴിമതിയും രാഷ്ട്രീയ കൊലക്കേസുകളും മറയ്ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും മുരളീധരൻ ആരോപിച്ചു.
സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളിൽ സി.ബി.ഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നത് സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സർക്കാർ നൽകിയ മുൻകൂർ അനുമതിയുടെ പിൻബലത്തിലാണ് സി.ബി.ഐ വരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം പരിശോധിക്കണമെന്നുമായിരുന്നു കോടിയേരിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടാണ് മുരളീധരൻ പ്രസ്താവന നടത്തിയത്.