Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരിന്റെ പതാക അനുവദിക്കാതെ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പതാക അനുവദിക്കാതെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. ജമ്മുകശ്മീരിന് ത്രിവര്‍ണ പതാകയുമായുള്ള ബന്ധത്തില്‍ മുന്‍ സംസ്ഥാനത്തിന്റെ പതാക കൂടി കണ്ണിയാണ്, അത് വേര്‍പ്പെടുത്താനാവില്ല. ജമ്മു കശ്മീരിന്റെ പതാക ഞങ്ങളുടെ കൈയില്‍ വരുമ്പോള്‍ ത്രിവര്‍ണ പതാകയും ഞങ്ങള്‍ ഉയര്‍ത്തും-  അവര്‍ പറഞ്ഞു. കൊള്ളക്കാരാണ് ജമ്മു കശ്മീരിന്റെ പതാക തട്ടിക്കൊണ്ടു പോയതെന്നും മെഹബൂബ പറഞ്ഞു. അവരാണ് ഭരണഘടനയെ പങ്കിലമാക്കിയത്. അവര്‍ ഞങ്ങളില്‍ നിന്ന് പിന്നെ എന്താണ് പ്രതീക്ഷിക്കുന്നത്? രാജ്യത്തിന്റെ പതാകയുമായുള്ള ഞങ്ങളുടെ ബന്ധം സംസ്ഥാപിച്ചത് ജമ്മു കശ്മീരിന്റെ പതാകയാണ് - മെഹബൂബ പറഞ്ഞു. റദ്ദാക്കപ്പെട്ട ഭരണഘടനാ 370ാം വകുപ്പ് നല്‍കിയിരുന്ന അവകാശമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭരണഘടനയാണ് ഞങ്ങളുടെ പ്രത്യേക പദവിയെ സംരക്ഷിച്ചിരുന്നത്. ഈ പദവി തുടരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ജമ്മു കശ്മീര്‍ നിയമസഭയ്ക്കു നല്‍കിയതും ഇന്ത്യന്‍ ഭരണഘടനയാണ്. ഈ പദവി തുടരണമെന്ന് തീരുമാനമെടുത്തത് ജമ്മു കശ്മീര്‍ നിയമസഭയായിരുന്നുവെന്നും മെഹബൂബ പറഞ്ഞു. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കിയ നിയമങ്ങളെല്ലാം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണ്. ജമ്മു കശ്മീരിലെ ജനങ്ങള്‍ അവരുടെ കരുവാണ്- മെഹബൂബ പറഞ്ഞു. 

ഒരു വര്‍ഷത്തിലേറെ നീണ്ട വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം മെഹബൂബ മാധ്യമങ്ങളുമായി സംവദിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു.  മുതിര്‍ന്ന മൂന്നു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് മെഹബുബ് മാധ്യമങ്ങളെ കണ്ടത്. മുന്നിലെ മേശയില്‍ ജമ്മു കശ്മീരിന്റെ പതാകയും പിഡിപി പതാകയും വച്ചിരുന്നു.
 

Latest News