ന്യൂദല്‍ഹി- ദല്‍ഹിയിലുണ്ടായ മുസ്‌ലിം വിരുദ്ധ വംശീയ കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കുറ്റം ചുമത്തി ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഏകാന്ത തടവിലിടരുതെന്നും സെല്ലിനു പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും കോടതി തിഹാര്‍ ജയില്‍ അധികൃതരോട് ഉത്തരവിട്ടു. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലില്‍ വാര്‍ഡിന്റെ പകുതിയിലേറെ ഇടവും കാണാവുന്ന രീതിയിലാണ് ഉമറിന്റെ സെല്‍. തന്നെ പുറത്തിറങ്ങാനും മറ്റുള്ളവരെ കാണാനും ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ഉമര്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ജയില്‍ അധികൃതരുടെ മറുപടി അസാധാരണമാണെന്നും ഇനി ഇത്തരത്തില്‍ ഒരു പരാതി ഉയരരുതെന്നും കോടതി പറഞ്ഞു.
ഒരു വിചാരണ തടവുകാരനെ ഏകാന്ത തടവുപോലെ സെല്ലില്‍ അടച്ചിട്ടുവെന്ന പരാതി ഇനി ഉണ്ടാകരുതെന്നും ഉമറിനെ സെല്ലിനു പുറത്തിറങ്ങാന്‍ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതഭ് റാവത് ജയില്‍ സുപ്രണ്ടിനോട് ഉത്തരവിട്ടു. വായിക്കാന്‍ പുസ്തകളും തണുപ്പു കാലത്ത് അണിയാനുള്ള വസ്ത്രങ്ങളും വേണമെന്ന ഉമറിന്റെ ആവശ്യവും ജയില്‍ അധികൃതര്‍ അംഗീകരിച്ചു.
കേസില്‍ ഉമറിന്റേയും നേരത്തെ അറസ്റ്റിലായ മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് ശര്‍ജീല്‍ ഇമാമിന്റേയും കസ്റ്റഡി കാലാവധി നവംബര്‍ 20 വരെ കോടതി നീട്ടി. ഇവരുടെ അഭിഭാഷകര്‍ എതിര്‍ത്തെങ്കിലും വിശദമായ ഉത്തരവ് പിന്നീടുണ്ടാകുമെന്ന് കോടതി മറുപടി നല്‍കി.