ന്യൂദല്‍ഹി- ഇറക്കുമതി ചെയ്ത ചരക്കുകള്‍ വാങ്ങരുതെന്ന്് രാജ്യത്തുടനീളമുള്ള നാലായിരം ആര്‍മി ഷോപ്പുകളോട് സര്‍ക്കാര്‍ ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിദേശമദ്യ കമ്പനികളുടെ മദ്യവും ആര്‍മി കാന്റീനുകളില്‍ നിന്ന് മാറ്റിനിര്‍ത്തിപ്പെട്ടേക്കാം. മദ്യത്തിനു പുറമെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റു ചരക്കുകളുമാണ് ആര്‍മി കാന്റീനുകളില്‍ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നത്. 200 കോടി ഡോളറിന്റെ വാര്‍ഷിക വില്‍പ്പന നടക്കുന്ന ആര്‍മി കാന്റീനുകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയില്‍ ഒന്നാണ്.
നേരിട്ട് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഇനി സംഭരിക്കരുത് എന്നാണ് ഒക്ടോബര്‍ 19ന് പ്രതിരോധ മന്ത്രാലയം നല്‍കിയിരിക്കുന്ന ഉത്തരവ്. ഈ വിഷയം കരസേന, നാവിക സേന, വ്യോമ സേനാ വിഭാഗങ്ങളില്‍ ചര്‍ച്ച ചെയ്‌തെന്നും തദ്ദേശീയ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചരണത്തിന് പിന്തുണയായിട്ടാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് പ്രതിരോധമ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടില്ല. ഏതെല്ലാം ഉല്‍പ്പന്നള്‍ക്കാണ് വിലക്കെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്നില്ല. ആര്‍മി കാന്റീനുകളില്‍ നടക്കുന്ന മൊത്തം വില്‍പ്പനയുടെ ഏഴു ശതമാനത്തോളമാണ് ഇറക്കുമതി ഉല്‍പ്പന്നങ്ങളെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് കണക്കുകള്‍ പറയുന്നു. വാക്വം ക്ലീനറുകള്‍, ലാപ്‌ടോപുകള്‍, ഹാന്‍ഡ് ബാഗുകള്‍, ഡയപറുകള്‍ തുടങ്ങി ഇവയില്‍ വലിയൊരു ശതമാനവും ചൈനീസ് ഉല്‍പ്പന്നങ്ങളാണ്.