Sorry, you need to enable JavaScript to visit this website.

ആശങ്കകള്‍ വേണ്ട; ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍  അതിശക്തമായ പ്രതിരോധശേഷി കൈവരിക്കുന്നു 

ലണ്ടന്‍-ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണാ വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെകയും ചേര്‍ന്ന് തയാറാക്കുന്നത്. . ഇടയ്ക്കു ഈ വാക്‌സിന്‍ പ്രയോഗിച്ച വോളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചത് പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചിരുന്നു . കഴിഞ്ഞ ദിവസം ബ്രസീലിലെ വാക്‌സിന്‍ വോളണ്ടിയറായ 28 വയസുള്ള ഡോക്ടര്‍ മരണമടഞ്ഞത് വലിയ വാര്‍ത്തയായെങ്കിലും ഇദ്ദേഹത്തിന് വാക്‌സിന്‍ നല്കിയിരുന്നില്ലെന്നും മരണം കോവിഡ് മൂലമാണെന്നും പിന്നീട് സ്ഥിരീകരിച്ചു. അതുകൊണ്ട്തന്നെ വാക്‌സിന്‍ ട്രയല്‍സ് പുരോഗമിച്ചു. ഇപ്പോഴിതാ ലോകത്തിന് പ്രതീക്ഷയേകുന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ് ഗവേഷകര്‍.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വൈറസിനെതിരെ അതിശക്തമായ പ്രതിരോധ ശേഷിയും സൃഷ്ടിക്കുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. വാക്‌സിന്‍ നല്‍കിയ വോളണ്ടിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുന്നതായി പ്രാഥമിക ട്രയല്‍സ് സ്ഥിരീകരിച്ചിരുന്നു. മറ്റ് വാക്‌സിനുകള്‍ വൈറസിനെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ശരീരത്തില്‍ വൈറസിന്റെ ഭാഗങ്ങള്‍ തയ്യാറാക്കും.
ഈ ടെക്‌നോളജി കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ കൊവിഡ് പ്രോട്ടീന് വിജയകരമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ഗവേഷണം തെളിയിച്ചു. ഇതുവഴി കോശങ്ങള്‍ ആയിരത്തോളം തവണ ഇത് ആവര്‍ത്തിച്ച് സൃഷ്ടിക്കും. ഇതുവഴി വ്യക്തിയുടെ പ്രതിരോധ സിസ്റ്റം രോഗത്തെ തിരിച്ചറിഞ്ഞ്, രോഗം ബാധിക്കുന്നതിന് മുന്‍പ് തന്നെ തിരിച്ചടിക്കും.
'ടെക്‌നോളജി എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ വാക്‌സിന്റെ പ്രവര്‍ത്തനം കൃത്യമായി പറയാം. പ്രതീക്ഷിച്ചത് പോലെ ഇത് പ്രവര്‍ത്തിക്കുന്നു. രോഗത്തിന് എതിരായ പോരാട്ടത്തില്‍ ഈ വാര്‍ത്ത ശുഭകരമാണ്', ഗവേഷണം നയിച്ച ബ്രിസ്‌റ്റോളിലെ സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ & മോളിക്യൂലാര്‍ മെഡിസിനിലെ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു.
അടുത്ത വര്‍ഷം ആകാതെ രാജ്യത്തു ആദ്യത്തെ ഇഞ്ചക്ഷനുകള്‍ രംഗത്തിറക്കാന്‍ കഴിയില്ല എന്ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയല്‍സ് ടീം മേധാവി ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞിരുന്നു. ഇത് ആദ്യം ലഭിക്കുന്നത് ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ പോലുള്ളവര്‍ക്കാകും . വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയാല്‍ പോലും സാമൂഹിക അകല നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള അവസ്ഥ പെട്ടെന്ന് എത്തിച്ചേരില്ല. ജനസംഖ്യയില്‍ ഉയര്‍ന്ന തോതില്‍ പ്രതിരോധശേഷി രൂപപ്പെടുന്നത് വരെ അപകടനില നേരിടുന്ന ആളുകള്‍ക്ക് വൈറസ് കിട്ടുന്നത് തടയാന്‍ കഴിയില്ല.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ ആസ്ട്രാസെനെകയാണ് നിര്‍മ്മിക്കുന്നത്. ലോകത്തില്‍ മൂന്നാം ഘട്ട ട്രയല്‍സില്‍ എത്തിയ ഒന്‍പത് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. അവസാന ഘട്ട പരീക്ഷണത്തിലൂടെ കടന്നുപോകുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ തന്നെയാണ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഈ കടമ്പ കടന്നാല്‍ മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരം വേണ്ടിവരും. അതുകൊണ്ടുതന്നെ വര്‍ഷാവസാനം വാക്‌സിന്‍ തയ്യാറാകാന്‍ സാധ്യത കുറവാണെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് ഹെഡ് കെയ്റ്റ് ബിംഗ്ഹാമും പറഞ്ഞു.
 

Latest News