ന്യൂദല്‍ഹി- ഉള്ളി വില രാജ്യത്തൊട്ടാകെ കുതിച്ചുയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വിലനിയന്ത്രണ നടപടികള്‍ തുടങ്ങി. കരുതല്‍ ശേഖരമായി സംഭരിച്ച ഉള്ളിയില്‍ നിന്ന് കൂടുതലായി വിറ്റഴിക്കാനും ഇറക്കുമതി വേഗത്തിലാക്കാനും ഉപഭോക്തൃകാര്യ മന്ത്രാലയം തീരുമാനിച്ചു. ആഘോഷ സീസണില്‍ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നതോടെയാണ് സര്‍ക്കാര്‍ വിലനിയന്ത്രണ നടപടികള്‍ക്ക് തുടക്കമിട്ടത്. 2003ലെ പ്ലാന്റ് ക്വാറന്റീന്‍ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. ഇതോടെ അണു നശീകരണം നടത്താത്തതും രോഗാണുമുക്ത സാക്ഷ്യപത്രം ഇല്ലാത്തതുമായ ഉള്ളി ഇറക്കുമതി ചെയ്യാന്‍ വ്യാപാരികള്‍ക്ക് അനുവാദം ലഭിച്ചു. 2020 ഡിസംബര്‍ 15 വരെയാണ് ഈ ഇളവുകളെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആഘോഷ സീസണില്‍ ഉടനീളം കുരതല്‍ ശേഖരത്തിലെ ഉള്ളി കൂടുതലായി വിപണിയിലെത്തിക്കും. ഉള്ളി കയറ്റുമതി രാജ്യങ്ങളുടെ സ്ഥാനപതിമാരോട് അതത് രാജ്യങ്ങളിലെ വ്യാപാരികളുമായി ബന്ധപ്പെടാനും കൂടുതല്‍ ഉള്ളി എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഓഗസ്റ്റിനു ശേഷം രാജ്യത്ത് പ്രധാന ചന്തകളിലെല്ലാം ഉള്ളി വില കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വിലയായിരുന്നെങ്കിലും ഒക്ടോബര്‍ 18നു ശേഷം കുത്തനെയാണ് വിലകയറിയത്. മഴയ്ക്കു ശേഷം മഹാരാഷട്രയില്‍ പുതിയ വിളവെടുപ്പ് ആരംഭിക്കുന്നതോടെ നവംബര്‍ മധ്യത്തോടെ ഉള്ളി വില താഴും. 3.7 ദശലക്ഷം ടണ്‍ ആയിരിക്കും ഈ സമയം വിപണിയിലെത്തുക. ഇതു വിലകുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു. പൂനെയില്‍ കഴിഞ്ഞ ദിവസം ഒരു കിലോ ഉള്ളി വില 120 രൂപയായിരുന്നു.