Sorry, you need to enable JavaScript to visit this website.

സ്വിസ് ദമ്പതികളെ ആക്രമിച്ചതിനെതിരെ പ്രതിഷേധം; യുപി മുഖ്യമന്ത്രിക്ക് രണ്ട് കേന്ദ്ര മന്ത്രിമാരുടെ കത്ത്

ന്യൂദൽഹി -ആഗ്രയിൽ താജ്മഹൽ സന്ദർശനത്തിനെത്തിയ സ്വിറ്റ്‌സർലൻഡുകാരായ 24കാരൻ ക്വന്റിൻ ജെറമി ക്ലർക്ക്, കാമുകി മേരി ഡ്രോസ് എന്നിവരെ യുവാക്കളടങ്ങുന്ന സംഘം പിന്തുടർന്ന് തെരുവിലിട്ട് മർദ്ദിച്ച് അവശരാക്കിയ സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ ആക്രമിക്കപ്പെട്ട രണ്ടുപേരേയും സന്ദർശിച്ചുവെന്നും മന്ത്രി അറിയിച്ചു. ക്ലർക്കും ഡ്രോസും ദൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

യുപി മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ്  ആദ്യമായി താജ്മഹൽ സന്ദർശനത്തിനെത്തിയ ദിവസം തന്നെ വിദേശികൾക്കെതിരായ ആക്രമണം പുറത്തു വന്നത് നാണക്കേടായി. താജ്മഹലിൽ വിദേശ സന്ദർശകർക്കൊപ്പം നിന്ന് ആദിത്യനാഥ് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും സംഭവത്തിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി ആദിത്യനാഥിന് കത്തെഴുതി. കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി മഹേഷ് ശർമ സംഭവത്തെ അപലപിച്ചു. ഇത് ഇന്ത്യക്കാർക്ക് നാണക്കേടാണെന്നും ഇത്തരമൊരു സംഭവം രാജ്യത്ത് നടന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ആഗ്രയിലെ ഫത്തേപൂർസിക്രിയിൽ ഞായറാഴ്ചയാണ് സ്വിസ് യുവതിയും യുവാവും ആക്രമിക്കപ്പെട്ടത്. നാലു യുവാക്കളടങ്ങുന്ന ഒരു സംഘം തങ്ങളെ കുറെ പിന്തുടർന്നു വന്നെന്നും പിന്നീട് പൊടുന്നനെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നെന്ന് ക്ലർക്ക് പറഞ്ഞു. മർദ്ദനത്തിൽ ക്ലർക്കിന്റെ തലയിൽ സാരമായി മുറിവേൽക്കുകയും കയ്യൊടിയുകയും ചെയ്തു. കേൾവിശക്തി നഷ്ടപ്പെട്ടു. കൂടാതെ മറ്റുപലയിടത്തും മുറിവേറ്റിട്ടുമുണ്ട്. ക്ലർക്കിന്റെ കാമുകി ഡ്രോസിന്റ കയ്യും ഒടിഞ്ഞു. ശരീരമാസകലം മുറിവേൽക്കുകയും ചെയ്തു. കല്ലുകളും വടികളും ഉപയോഗിച്ചാണ് ഇവരെ ആക്രമികൾ മർദ്ദിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ആക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. 

താജ്മഹൽ സന്ദർശിച്ച ശേഷം ആഗ്രയിലെ ചരിത്രപ്രാധാന്യമുള്ള മറ്റൊരു സന്ദർശക കേന്ദ്രമായ ഫത്തേർപൂർ സിക്രിയിലേക്കു പോകുകയായിരുന്നു ഇരുവരും. ഒരു മണിക്കൂറോളം നാലു യുവാക്കൾ ഇവരെ പിന്തുടർന്നു ശല്യപ്പെടുത്തി. തടഞ്ഞു നിർത്തി ബലപ്രയോഗത്തിലൂടെ യുവതിയുമൊത്ത് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ ആക്രമിച്ചത്.
 

Latest News