ന്യൂദല്‍ഹി- ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ് ലിംകള്‍ക്കെതിരെ ഉണ്ടായ വംശീയ കലാപവുമായി ബന്ധപ്പെട്ട് കേസിലു ള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍ ഏകാന്ത തടവില്‍. സെല്ലിനു പുറത്തിറങ്ങാനോ അഭിഭാഷകരോടും മറ്റുള്ളവരോടും സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോടതി മുമ്പാകെ ഉമര്‍ പറഞ്ഞു. കിരാത നിയമമായ യുഎപിഎ ചുമത്തപ്പെട്ട ഉമറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ഉമര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'സെല്ലിനു പുറത്തിറങ്ങാന്‍ എന്നെ അനുവദിക്കുന്നില്ല. സെല്ലില്‍ ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ സന്ദര്‍ശിക്കാന്‍ ആരേയും അനുവദിക്കുന്നുമില്ല. ശരിക്കും ഇതൊരു ഏകാന്ത തടവാണ്. കഴിഞ്ഞ മൂന്നു ദിവസമായി എനിക്ക് സുഖമില്ല. അസ്വസ്ഥതകളുണ്ട്. ഇതൊരു ശിക്ഷ പോലെയാണ്. എന്നെ എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്. എനിക്ക് സുരക്ഷ ആവശ്യമാണെന്ന ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. എന്നാല്‍ അത് മുഴുസമയം സെല്ലില്‍ അടച്ചിട്ടാകരുത്' ഉമര്‍ കോടതി മുമ്പാകെ പറഞ്ഞു.
ദിവസം 24 മണിക്കൂറിനിടെ ഒരിക്കലും ഉമര്‍ ഖാലിദിനെ സെല്ലിനു പുറത്തേക്കു പോകാന്‍ അനുവദിക്കരുതെന്ന അഡീഷണല്‍ സുപ്രണ്ട് പ്രദീപ് ശര്‍മയുടെ ബുധനാഴ്ച അധികൃതര്‍ തന്നെ കാണിച്ചുവെന്നും ഉമര്‍ പറഞ്ഞു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഉമര്‍ ആവശ്യപ്പെട്ടു. രാവിലെ ജയില്‍ സുപ്രണ്ട് എത്തി എന്നെ പുറത്തു പേകാന്‍ അനുവദിക്കാന്‍ സ്റ്റാഫിനോട് നിര്‍ദേശം നല്‍കി. അങ്ങനെ 10 മിനിറ്റ് നേരം പുറത്തിറങ്ങി. സുപ്രണ്ട് പോയ ശേഷം പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും ഉമര്‍ പറഞ്ഞു.
വിഡിയോ കോണ്‍ഫറന്‍സ് വാദം കേള്‍ക്കലിനിടെ ഉമറിന്റെ മൈക്ക് മ്യൂട്ട് ചെയ്തതിന് തിഹാര്‍ ജയില്‍ അസിസ്റ്റന്റ് സുപ്രണ്ടിനെ കോടതി ശാസിക്കുകയും ചെയ്തു. ജഡ്ജിയോട് തനിക്കു സംസാരിക്കണമെന്ന് പറഞ്ഞപ്പോഴാണ് ജയില്‍ സുപ്രണ്ട് ഉമറിന്റെ മൈക്ക് മ്യൂട്ട് ചെയ്തത്. ഇതോടെ ജഡ്ജി ഇടപെട്ടു. വിചാരണയിലിരിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മൈക്ക് അണ്‍മ്യൂട്ട് ചെയ്ത് അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ജയില്‍ അധികാരിയോട് കോടതി പറഞ്ഞു.