ന്യൂദല്‍ഹി- യു.പിയിലെ ഹാഥ്‌റസിലേക്ക് പോകുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വര്‍ഗീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നും ഗുരുതര ആരോപണങ്ങള്‍ ഉള്ളതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും ബി.ജെ.പി.
കോണ്‍ഗ്രസ് ദേശവിരുദ്ധരോടൊപ്പം നില്‍ക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്യ ആരോപിച്ചു.
സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയതിനു പിന്നാലയെണ് ബി.ജെ.പിയുടെ വിമര്‍ശം.
നിവേദനം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച് സിദ്ദീഖിന്റെ മോചനത്തിനുവേണ്ടി ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി സിദ്ദീഖിന്റെ ഭാര്യ റെയ്ഹാനത്തിനും കുടുംബത്തിനും ഉറപ്പു നല്‍കിയിരുന്നു.
ഹാഥ്‌റസിലെ അന്തരീക്ഷം മുതലെടുത്ത് കോണ്‍ഗ്രസിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും സഹായിക്കുകയായിരുന്നു കാപ്പന്റെ ലക്ഷ്യം. ദല്‍ഹി കലാപത്തിന് പണം നല്‍കിയ സംഘടന കൂടിയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ബി.ജെ.പി വ്ക്താവ് ആരോപിച്ചു.
കാപ്പന്റെ കുടുംബവുമായി രാഹുല്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹാഥ്‌റസിലേക്ക് പോകുമ്പോള്‍ മഥുരയില്‍വെച്ചാണ് സിദ്ദീഖ് കാപ്പനും മറ്റു മൂന്ന് പേരും അറസ്റ്റിലായത്.