സാവോ പോളോ- ഫാര്‍മ കമ്പനിയായ ആസ്ട്രസെനകയും ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു വളണ്ടിയര്‍ മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബ്രസീല്‍ ആരോഗ്യ ഏജന്‍സി അന്‍വിസ. അതേസമയം വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുമെന്നും അന്‍വിസ വ്യക്തമാക്കി. പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവരുടെ സ്വകാര്യത സംരക്ഷണം മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ അന്‍വിസ പുറത്തുവിട്ടിട്ടില്ല. സാവോ പോളോ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ബ്രസീലില്‍ നടന്നുവരുന്നത്.
അതേസമയം പരീക്ഷണത്തിനിടെ മരിച്ച വ്യക്തി ആസ്ട്ര സെനകയുടെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെന്നും ഇതുമായി ബന്ധമുള്ള പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടുണ്ട്.
വാക്‌സിന്‍ പരീക്ഷണങ്ങളുടെ സുരക്ഷ നിരീക്ഷിക്കുന്ന രാജ്യാന്തര സമിതിയില്‍ നിന്നു തിങ്കളാഴ്ച ലഭിച്ച റിപോര്‍ട്ടിലാണ് പരീക്ഷണത്തില്‍ പങ്കെടുത്ത വളണ്ടിയറുടെ മരണ വിവരമുള്ളതെന്ന് അന്‍വിസ പറഞ്ഞു.