തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണവും ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനം. അതേസമയം, ഭരണപക്ഷം പ്രതിപക്ഷ പാർട്ടികളെയും സംഘടനകളെയും തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ പ്രതിരോധിക്കാൻ കോവിഡ് നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുയരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർഥികൾ ഉൾപ്പെടെ പരമാവധി അഞ്ചു പേർക്ക് മാത്രമെ അനുമതിയുള്ളൂ.
റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ. ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടതാണെന്നും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേണം സ്ഥാനാർഥികളും മറ്റും ഭവന സന്ദർശനം നടത്തേണ്ടത്.
പൊതുയോഗങ്ങൾ, കുടുംബ യോഗങ്ങൾ എന്നിവ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. പൊതു യോഗങ്ങൾ നടത്തുന്നതിന് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. ഏതെങ്കിലും സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻ തന്നെ പ്രചാരണ രംഗത്ത് നിന്നും മാറി നിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം മാത്രമെ തുടർപ്രവർത്തനം പാടുള്ളൂ.
വരണാധികാരി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചും വിശദീകരിക്കുന്നതിന് സ്ഥാനാർഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ച് ചേർക്കണം. 30 പേരിൽ അധികരിക്കാത്ത വിധം ഒന്നിലധികം വാർഡുകളിലെ സ്ഥാനാർഥികളെ ഒരേ സമയം വിളിക്കാവുന്നതാണ്. സ്ഥല സൗകര്യവും വായു സഞ്ചാരമുള്ളതുമായ ഹാൾ വേണം ഇതിനായി ഉപയോഗിക്കേണ്ടത്.
സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവയോ മറ്റോ നൽകി കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഏകദേശം രണ്ടു ലക്ഷം ജീവനക്കാരെ കമ്മീഷൻ നിയോഗിക്കും. വരണാധികാരികൾ, ഉപവരണാധികാരികൾ, അസിസ്റ്റന്റുമാർ എന്നിവർക്ക് രണ്ട് ദിവസത്തെയും പോളിംഗ്, കൗണ്ടിംഗ് ഡ്യൂട്ടിയുള്ളവർക്ക് ഒരു ദിവസത്തെയും നേരിട്ടുള്ള പരിശീലനമാണ് നൽകുന്നത്. പഞ്ചായത്തുകൾക്ക് ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികൾക്ക് ജില്ലാ തലത്തിലും വിവിധ ബാച്ചുകളായി വേണം പരിശീലനം നടത്തേണ്ടത്. ഒരു ബാച്ചിൽ പരമാവധി 40 പേർ.
പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് അളക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണം. പരിശീലന വേളയിലും, ഇടവേളകളിലും, പരിശീലനാർഥികൾ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. രണ്ട് മീറ്റർ അകലം പാലിച്ചായിരിക്കണം സീറ്റുകൾ ക്രമീകരിക്കേണ്ടത്. കണ്ടെയിൻമെന്റ് സോണുകളിലുള്ള, ക്വാറൻന്റൈനിലുള്ള പരിശീലനാർഥികളുടെ പേരുവിവരം പ്രത്യേകം തയാറാക്കേണ്ടതും അവർക്ക് പ്രത്യേകം പരിശീലനം നൽകേണ്ടതുമാണ്.
രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ കലക്ടർമാർ വിളിച്ച് ചേർക്കും. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രതിനിധി എന്ന നിലയ്ക്ക് പരമാവധി 40 പേർക്ക് പങ്കെടുക്കാം. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കേന്ദ്രങ്ങളിൽ വെച്ച് എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലെ എൻജിനീയർമാർ പ്രവർത്തന സജ്ജമാണോയെന്ന് പരിശോധിക്കും.