ഇന്‍ഡോര്‍- എല്ലാ ഭീകരരും തീവ്രവാദികളും മദ്രസകളില്‍നിന്നാണ് വളര്‍ന്നുവരുന്നതെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കാബിനറ്റ് മന്ത്രി.
മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണ് തീവ്രവാദികളെ സൃഷ്ടിക്കുന്നതെന്നും മദ്രസകളെല്ലാം അടച്ചുപൂട്ടണമെന്നും ടൂറിസം, സാംസ്‌കാരിക മന്ത്രിയും ഇന്‍ഡോര്‍ എം.എല്‍.എയുമായ ഉഷാ താക്കൂര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിന് ഏകീകൃത സ്വഭാവം ഉണ്ടായിരിക്കണം. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം പരസ്പരം ശത്രുതയാണ് ഉണ്ടാക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ വിദ്യാഭ്യാസം ലഭിക്കണമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങള്‍ രാജ്യത്തെ ഒരു പൗരനാണെങ്കില്‍ എല്ലാ തീവ്രവാദികളെയും ഭീകരരേയും സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതും മദ്രസകളിലാണെന്ന് കാണാം. അവരാണ് ജമ്മു കശ്മീരിനെ തീവ്രവാദ ഫാക്ടറിയാക്കി മാറ്റിയതെന്നും മന്ത്രി ആരോപിച്ചു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശമുയര്‍ന്നു.