ന്യൂദൽഹി- പ്രധാനമന്ത്രി മോഡിക്കും കേന്ദ്ര സർക്കാറിനുമെതിരായ വിമർശനം ഇന്ന് വീണ്ടും കടുപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിക്ക് വലിയ നെഞ്ചുണ്ടെന്നും എന്നാൽ ചെറിയ ഹൃദയം മാത്രമുള്ള അദ്ദേഹം രാജ്യത്തെ തൊഴിലില്ലാഴ്മ കാണുന്നില്ലെന്നും രാഹുൽ പരിഹസിച്ചു. എം.എം.ഡി(മോഡി മെയ്ഡ് ഡിസാസ്റ്റർ- മോഡിയുണ്ടാക്കിയ ദുരന്തം)യാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും രാഹുൽ കുറ്റപ്പെടുത്തി. മോഡി സർക്കാറിന്റെ വിശ്വാസ്യത നഷ്്ടമായെന്നും രാഹുൽ പറഞ്ഞു. ഈ സർക്കാറിന് ജനങ്ങൾക്ക് മേലുള്ള വിശ്വാസ്യത ഓരോ ദിവസവും കുറഞ്ഞുവരികയാണ്. താജ്മഹൽ നിർമ്മിച്ചത് ഇന്ത്യക്കാരാണെന്ന തമാശ കേട്ട് ലോകം ചിരിക്കുകയാണെന്നും ദൽഹിയിൽ പി.എച്ച്.ഡി ചേംബേഴ്‌സ് നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കവെ രാഹുൽ ചൂണ്ടിക്കാട്ടി.
നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയും രാജ്യത്തിന് രണ്ട് കനത്ത ആഘാതമാണ് മോഡി സർക്കാർ ഉണ്ടാക്കിയത്. സ്റ്റാർട്ടപ്പുകളായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് നല്ലത്. എന്നാൽ ഷട്ടപ്പ് ഇന്ത്യ എന്ന നിലയിലാണ് കാര്യങ്ങൾ. വൻകിട മുതലാളിമാർക്ക് വേണ്ടി മാത്രമാണ് സർക്കാർ ആനൂകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്. ചൈന ഒരു ദിവസം പുതിയ അരലക്ഷം തൊഴിലവസരങ്ങൾ തുറക്കുമ്പോൾ ഇന്ത്യ നൽകുന്ന തൊഴിൽ 458 മാത്രമാണ്. സാമ്പത്തിക അസമത്വം മോഡിയുടെ കാലത്ത് പരകോടിയിൽ എത്തിയെന്നാണ് വിവിധ സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടതെന്നും രാഹുൽ വ്യക്തമാക്കി.