തിരുവനന്തപുരം- ബാർകോഴ വിവാദത്തിൽ ബാർ ഉടമ ബിജു രമേശ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ വിജിലൻസ് ദ്രുത പരിശോധനയ്ക്ക് ഒരുങ്ങുന്നു. നേരത്തെ അന്വേഷിച്ച കേസ് ആയതിനാൽ സ്വയം പരിശോധന നടത്താനാണ് വിജിലൻസ് ഒരുങ്ങുന്നത്. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കെ ഒരു കോടി രൂപ കെ.പി.സി.സി ഓഫീസിൽ എത്തി നൽകിയെന്നാണ് ബിജു രമേശിന്റെ പ്രധാന ആരോപണം. കെ. ബാബുവിന് 50 ലക്ഷം രൂപയും വി.എസ്. ശിവകുമാറിന് 25 ലക്ഷം രൂപയും നൽകിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
കെ.എം. മാണിക്ക് എതിരായ ബാർകോഴ ആരോപണത്തിൽ നിന്ന് പിൻമാറാൻ പത്ത് കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം നൽകിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് വിജിലൻസ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതികൂടി വിജിലൻസിന് കൈമാറിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും ദ്രുതപരിശോധനയിലേക്ക് നീങ്ങുക. വൻ തുകയുടെ കോഴ ഇടപാട് നടന്നുവെന്ന വെളിപ്പെടുത്തൽ ഗൗരവ സ്വഭാവമുള്ളതെന്നാണ് വിജിലൻസ് വിലയിരുത്തൽ.