ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ഭാര്യയുടെ മരണം കോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച പൊതു താൽപര്യ ഹർജി ദൽഹി ഹൈക്കോടതി തള്ളി. ഇത് പൊതു താൽപര്യഹർജി അല്ലെന്നും രാഷ്ട്രീയ താൽപര്യ ഹർജിയുടെ ഉത്തമ ഉദാഹരണമാണെന്നും വിശേഷിപ്പിച്ചു കൊണ്ടാണ് ആവശ്യം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എസ്. മുരളീധർ, ഐ.എസ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ പരാതി പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവില്ലെന്നു വ്യക്തമാക്കിയത്.
ശശി തരൂരിനും ദൽഹി പോലീസിനുമെതിരെ അനാവശ്യമായ ആരോപണങ്ങളാണ് സുബ്രഹ്മമണ്യം സ്വാമി ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനുള്ള കാരണം തനിക്ക് ചില കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളാണെന്ന് തന്റെ സത്യവാങ്മൂലത്തിൽ സ്വാമി അറിയിച്ചിരുന്നു.
ഈ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച വിവരം സ്വാമി മറച്ചുവയ്ക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ശശി തരൂരിനും ദൽഹി പോലീസിനുമെതിരേ ആരോപണമുന്നയിക്കുകയും ചെയ്തുവെന്നാണ് കോടതി നിരീക്ഷിച്ചത്. ഈ വിവരം ലഭിച്ച സ്രോതസ് വെളിപ്പെടുത്താൻ ഒരുക്കമാണെന്ന് സ്വാമി കോടതിയിൽ പറഞ്ഞു.
'ഒരു വിവരവും സ്വാമി മറച്ചുവച്ചിട്ടില്ലെന്ന് അവകാശപ്പെട്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തെ കുറിച്ച് വ്യക്തമായി ചോദിച്ചപ്പോൾ മറുപടിക്കായി കൂടുതൽ സമയം തേടുകയാണ് ചെയ്തത്. ഇതു സൂചിപ്പിക്കുന്നത് ആദ്യമെ സ്വാമി ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല എന്നാണ്,' കോടതി വ്യക്തമാക്കി.
സ്വന്തം താൽപര്യങ്ങൾക്ക് രാഷ്ട്രീയ നേതാക്കൾ നീതിന്യായ വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്നതിൽ കോടതികൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയക്കാർക്ക് പൊതുതാൽപര്യ ഹർജി സമർപ്പിക്കാനാവില്ല എന്ന് ഇതിനർത്ഥമില്ല. അതേസമയം മറ്റു രാഷ്ട്രീയ വ്യക്തിത്വങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ കോടതികൾ നല്ല ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.