സിങ്കപൂര്‍- പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക പ്രവൃത്തിക്കു നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിന് സിങ്കപൂരില്‍ ഇന്ത്യന്‍ യുവാവിനെ ഏഴു മാസം തടവു ശിക്ഷ. 26കാരനായ ചെല്ലം രാജേഷ് കണ്ണനാണ് ശിക്ഷിക്കപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോടാണ് ഇയാള്‍ ലൈംഗികപ്രേരിതമായി പെരുമാറിയത്. ഇളംപ്രായത്തിലുള്ള വ്യക്തിയെ ലൈംഗികമായി ചൂഷണം ചെയ്തു, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കോടതി ചുമത്തിയത്. വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമായ രാജേഷ് കണ്ണന്‍ പ്രായപൂര്‍ത്തിയാക്ക പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ചാറ്റു ചെയ്താണ് ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇരുവരും ആദ്യമായി നേരിട്ടു കണ്ടത്. പിന്നീട് തൊട്ടടുത്ത മാസം പെണ്‍കുട്ടിയുടെ വീട്ടില്‍ കാണാമെന്നു തീരുമാനിച്ചു പിരിഞ്ഞു. അടുത്ത തവണ കാണുന്നതിന് മൂന്ന് ദിവസം മുമ്പ് പെണ്‍കുട്ടി രാജേഷ് കണ്ണനോട് ആപ്പിള്‍പഴ മദ്യം ലഭിക്കുമോ എന്നന്വേഷിക്കുകയും തന്റെ കൂട്ടുകാര്‍ക്കു വേണ്ടി അത് എത്തിച്ചു തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. രാജേഷ് ഇതു എത്തിച്ചു നല്‍കി. ശേഷം പ്രതി പെണ്‍കുട്ടിയെ കോണിപ്പടി മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി ചുംബിക്കാന്‍ അനുവാദം ചോദിച്ചു. പെണ്‍കുട്ടി ഇതു നിരസിച്ചെങ്കിലും മദ്യം എത്തിച്ചു തന്ന് സഹായിച്ചത് എടുത്തു പറഞ്ഞ് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുകയായിരുന്നു.
സംഭവം നാണക്കേടായെന്നും കുറ്റബോധമുണ്ടെന്നും പ്രതി സമ്മതിച്ചു. സിങ്കപൂരില്‍ ജോലിയ ചെയ്തു വന്ന കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താന്‍ നിയമവിരുദ്ധമായി മറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ഈ സംഭവത്തോടെ തന്റെ കുടുംബവും ജോലിയും ഭാര്യയും കുട്ടിയും എല്ലാം നഷ്ടമായതായും പ്രതി വിലപിച്ചു.