കോവിഡ് പ്രതിരോധം പാലിച്ചുകൊണ്ട് വിരസതയ്ക്ക് വിരാമമിട്ട് പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. ആറു മാസത്തിലധികമുള്ള അടച്ചിടലിനു ശേഷം പുത്തനുണർവുമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൺതുറന്നപ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് മലമ്പുഴ റോക്ക് ഗാർഡനിലാണ്. സർക്കാർ നിർദേശ പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു വരുന്നത്.
ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, വാടിക ഗാർഡൻ, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാർഡൻ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി നിലവിൽ തുറന്നിരിക്കുന്നത്. ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ 75 പേർക്ക് വീതവും വാടിക ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാർഡൻ എന്നിവിടങ്ങളിൽ 50 പേർക്കും കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിൽ 250 പേർക്കുമാണ് നിലവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
സന്ദർശകർക്കായി താപ പരിശോധന, സാനിറ്റൈസർ, ഹാൻഡ് വാഷ് സൗകര്യങ്ങളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തിക്കുന്നതിന് ആവശ്യമായ ഡിസ്പ്ലേ ബോർഡുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. എപ്പോഴും സ്പർശം ഏൽക്കാൻ സാധ്യതയുള്ള ഹാൻഡ് റെയിലുകൾ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ഷെൽട്ടറുകൾ എന്നിവയിലും ടോയ്ലറ്റുകൾക്കും വിശ്രമ മുറികൾക്കും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തി സുരക്ഷ ഉറപ്പാക്കാൻ മുൻഗണന നൽകി വരുന്നുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് അറിയിച്ചു.