കൊച്ചി- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻറെ അസുഖം തട്ടിപ്പാണെന്നും തിരക്കഥ അനുസരിച്ചാണ് ആശുപത്രി ചികിത്സ നടക്കുന്നതെന്നും കസ്റ്റംസ്. മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു. ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോയതെന്നും കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. നിലവിൽ വഞ്ചിയൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ശിവശങ്കർ.
പൂജപ്പുരയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.