ന്യൂദല്‍ഹി- മേല്‍ജാതിക്കാരുടെ ബക്കറ്റ് തൊട്ട് അശുദ്ധമാക്കി എന്നാരാപിച്ച് യുപിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ദളിത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അവരുടെ പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞും ദാരണുമായി കൊല്ലപ്പെട്ടു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഖേതാല്‍പൂര്‍ ഭന്‍സോളി ഗ്രാമത്തില്‍ രണ്ടാഴ്ചയ്ക്കു മുമ്പാണ് മനസ്സാക്ഷിയെ ഞെടിപ്പിക്കുന്ന ഈ ക്രൂരത നടന്നത്. ജീവനോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഗ്രാമത്തിലെ മേല്‍ജാതിക്കാരുടെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു സാവിത്രി ദേവി എന്ന ദളിത് യുവതി. സംഭവ ദിവസം ഒരു വീട്ടില്‍നിന്ന് മാലിന്യ ശേഖരിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴാന്‍ പോകുന്നതിനിടെ മേല്‍ജാതി എന്ന് പറയപ്പെടുന്ന ഠാക്കൂര്‍ വിഭാഗക്കാരനായ അഞ്ജു എന്നയാളുടെ ബക്കറ്റില്‍ തൊട്ടതാണ് കാരണം. 'ഇതു കണ്ട അഞ്ജു സാവിത്രി ദേവിയോട് കയര്‍ക്കുകയും പൂര്‍ണ ഗര്‍ഭിണിയായ അവരുടെ വയറ്റിന് തുരുതുരെ ഇടിക്കുകയും ചെയ്തു. തലപിടിച്ച് ചുമരിലിടിക്കുകയും ചെയ്തു. ഇതു കണ്ട് എത്തിയ അഞ്ജുവിന്റെ സഹോദരനും വടിയെടുത്ത് സാവിത്രിയെ ദേവിയെ മര്‍ദ്ദിച്ചു,' സംഭവത്തിനു ദൃക്‌സാക്ഷിയായ കൗസുമ ദേവി പറയുന്നു.
സംഭവം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷം സാവിത്രി ദേവിയും അവരുടെ വയറ്റിലെ കുഞ്ഞും മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ അവരുടെ ഗര്‍ഭസ്ഥശിശുവും മരിച്ചു. സംഭവം നടക്കുമ്പോള്‍ ഒമ്പതു വയസ്സുകാരിയായ മകള്‍ മനീഷയും സാവിത്രി ദേവിയോടൊപ്പം ഉണ്ടായിരുന്നു. മര്‍ദ്ദനം കണ്ട് ഭയന്നോടിയ മനീഷ ദളിത് കോളനിയിലെത്തി വിവരമറിയിക്കുകയായിരുന്നു. 'അയല്‍ക്കാരായ സത്രീകളോടൊപ്പം സംഭവ സ്ഥലത്ത് ഓടി എത്തിയപ്പോള്‍ സാവിത്രിയെ അമ്മയും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ ഇടപെട്ട് സാവിത്രിയെ രക്ഷപ്പെടുത്തുകയായിരുന്നു,' കുസുമ പറഞ്ഞു.
മേല്‍ജാതിക്കാരായ അഞ്ച് കുടുംബങ്ങളുടെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കലായിരുന്നു സാവിത്രിയുടെ ജോലി. മാസം 100 രൂപയായിരുന്നു കൂലി. സാവിത്രിയെ ആക്രമിച്ച അഞ്ജുവിന്റെ വീട്ടില്‍ സാവിത്രി ജോലി ചെയ്തിട്ടില്ല.
സംഭവത്തിനു ശേഷം സാവിത്രിയെ ജില്ലാ ആശുപത്രിയില്‍ കാണിച്ചെങ്കിലും കുഴപ്പങ്ങളൊന്നിമില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടതായിരുന്നുവെന്ന് ഭര്‍ത്താവ് 30 കാരനായ ദിലീപ് കുമാര്‍ പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും അടിവയറ്റില്‍ കടുത്ത വേദനയും തല വേദനയും ഉള്ളതായി പറഞ്ഞിരുന്നു. എങ്കിലും വീട്ടില്‍ വിശ്രമിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മരണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ജുവിന്റെ വീട്ടില്‍ ചെന്നെങ്കിലും അവര്‍ തന്നെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ദിലീപ് പറഞ്ഞു.