രേവ- മധ്യപ്രദേശിലെ രേവ ജില്ലയില്‍ കൊലക്കേസില്‍ പിടിയിലായി തടവില്‍ കഴിയുന്ന 20കാരിയെ അഞ്ചു പോലീസുകാര്‍ ചേര്‍ന്ന് പത്തു ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. പെണ്‍കുട്ടി തടവില്‍ കഴിയുന്ന മംഗവാനിലെ കറക്ഷനല്‍ ഹോമിലാണ് സംഭവം. ഇവിടെ പതിവു പരിശോധനയ്ക്ക് എത്തിയ അഡീഷണല്‍ ഡിസ്ട്രിക് ജഡ്ജിയോടും അഭിഭാഷകരുടെ സംഘത്തോടുമാണ് പീഡനത്തിനിരയായ പെണ്‍കുട്ടിക പരാതി പറഞ്ഞത്. പരാതി വിശദമായി കേട്ട ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഒക്ടോബര്‍ 10നാണ് ജഡ്ജിയും സംഘവും ഇവിടെ പരിശോധനയ്‌ക്കെത്തിയത്.
സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍, സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ഓഫീസര്‍, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്നും പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. ഈ പീഡനത്തിനെതിരെ പ്രതികരിച്ച വനിതാ കോണ്‍സ്റ്റബിളിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചെന്നും പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ അച്ഛനെ കൊലക്കേസില്‍ പ്രതിയാക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.
മേയ് ഒമ്പതിനും മേയ് 21നുമിടയിലാണ് ബലാത്സംഗം നടന്നതെന്ന് ജഡ്ജിയുടെ സംഘത്തോട് പെണ്‍കുട്ടി പറഞ്ഞു. ഈ സംഭവം മൂന്ന് മാസം മുമ്പ് തന്നെ ജയില്‍ വാര്‍ഡനോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായും ഇക്കാര്യം ജയില്‍ വാര്‍ഡന്‍ സ്ഥിരീകരിച്ചതായും സംഘത്തിലുണ്ടായിരുന്ന ഒരു അഭിഭാഷകന്‍ പറഞ്ഞു. പെണ്‍കുട്ടിയെ വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്‍ പറഞ്ഞത്.
അതേസമയമം പെണ്‍കുട്ടിയെ മേയ് 21നാണ് അറസ്റ്റ് ചെയ്തതെന്നാണ് പാലീസ് പറയുന്നത്. പെണ്‍കുട്ടി പ്രതിയായ കൊലപാതകം നടന്ന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു.