ന്യൂദല്‍ഹി- ഇന്ത്യയും യുഎസും ജപാനും സംയുക്തമായി വര്‍ഷംതോറും നടത്തിവരുന്ന മലബാര്‍ നാവികാഭ്യാസ പ്രകടനത്തിലേക്ക് ഇക്കുറി നാലാമത് രാജ്യമായ ഓസ്‌ട്രേലിയയെ ക്ഷണിച്ചതായി ഇന്ത്യ. അടുത്ത മാസം അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലും നടക്കുന്ന നാവിക സേനകളുടെ സംയുക്ത പ്രകടനത്തിലേക്ക് ഓസ്‌ട്രേലിയ കൂടി എത്തുന്നതോടെ വീണ്ടും ഇതൊരു ചതുര്‍കക്ഷി സഖ്യമായി വികസിക്കും. 2007ല്‍ ഓസ്‌ട്രേലിയ ഈ നാവികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെ ചൈന ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നാലു ശക്തികളുടെ സഖ്യമായി മലബാര്‍ നാവികാഭ്യാസം മാറുന്നത് സംശയത്തോടെയാണ് ചൈന കാണുന്നത്. അന്നത്തെ ചൈനയുടെ ശക്തമായ പ്രതികരണത്തെ തുടര്‍ന്ന് പിന്നീട് ഓസ്‌ത്രേലിയയെ ഇന്ത്യ ഈ നാവികാഭ്യാസത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. 2007ല്‍ സിങ്കപൂരും പങ്കെടുത്തിരുന്നു.
സമുദ്ര സുരക്ഷാ രംഗത്ത് അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധ സഹകരണത്തിന്റേയും ഭാഗമായി മലബാര്‍ 2020 അഭ്യാസത്തില്‍ ഓസ്‌ട്രേലിയയും പങ്കെടുക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
1992ലാണ് മലബാര്‍ സംയുക്ത നാവികാഭ്യാസത്തിന്റെ തുടക്കം. ഇന്ത്യയും യുഎസും മാത്രമുണ്ടായിരുന്നു ഈ അഭ്യാസത്തില്‍ 2015ല്‍ ജപാനേയും ഉള്‍പ്പെടുത്തി. ഇപ്പോള്‍ ഒസ്‌ട്രേലിയ കൂടി വീണ്ടും എത്തുന്നതോടെ പുതിയ കരുത്തുറ്റ സഖ്യം രൂപമെടുക്കുകയാണ്. ഇന്തോ-പസഫിക് മേഖലയില്‍ തങ്ങളുടെ സ്വാധീനത്തിനെതിരെയുള്ള നീക്കമായാണ് ചൈന ഈ നാവിക സേനാ അഭ്യാസ പ്രകടനത്തെ കാണുന്നത്. ഓസ്‌ട്രേലിയ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. തങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ഓസ്‌ത്രേലിയ യുഎസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.