ന്യൂദല്‍ഹി- 135 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ പകുതി പേര്‍ക്കും അടുത്ത നാലു മാസത്തിനിടെ കോവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് കണക്കുകള്‍ പ്രവചിക്കുന്ന സമിതിയില്‍ അംഗമായ വിദഗ്ധന്‍. ഇതുവരെ ഇന്ത്യയില്‍ 75.5 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ആഗോള തലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനു താഴെ രണ്ടാ സ്ഥാനത്താണ് ഇന്ത്യ. ഏതാനും ആഴ്ചകളായി കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അതേസമയം ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡിന്റെ വ്യാപന നിരക്ക് സര്‍ക്കാര്‍ കണക്കുകളേക്കാള്‍ വളരെ അധികമാണെന്നും കോവിഡ് കണക്കെടുപ്പ് സമിതിയില്‍ അംഗവും ഐഐടി കാണ്‍പൂരിലെ പ്രൊഫസറുമായ മനിന്ദ്ര അഗ്രവാള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ സെറോളജിക്കല്‍ സര്‍വെകളെ അടിസ്ഥാനമാക്കിയാണ് കോവിഡ് വ്യാപന നിരക്ക് കണക്കാക്കുന്നത്. ഇതു പ്രകാരം സെപ്്റ്റംബര്‍ വരെ ജനസംഖ്യയുടെ 14 ശതമാനത്തിനു മാത്രമെ രോഗം ബാധിച്ചിട്ടുള്ളൂ. എന്നാല്‍ വ്യാപന നിരക്ക് ഇതിലും വളരെ കൂടുതലാണെന്ന് പ്രൊഫ. മനിന്ദ്ര പറയുന്നു. 'ഗണിത മാതൃക ഉപയോഗിച്ചുള്ള ഞങ്ങളുടെ കണക്കൂകൂട്ടലില്‍ ജനസംഖ്യയുടെ 30 ശതമാനത്തിനും കോവിഡ് ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ ഇത് 50 ശതമാനമായി ഉയര്‍ന്നേക്കാം,' അദ്ദേഹം പറഞ്ഞു.
സര്‍വെയ്ക്ക് ആധാരമക്കുന്ന ജനസംഖ്യയുടെ വലിപ്പം കാരണം
കണക്കുകൂട്ടലുകള്‍ക്ക് സര്‍ക്കാര്‍ ഉപേയാഗിക്കുന്ന സെറോളജിക്കല്‍ സര്‍വെകളില്‍ സാംപ്ലിങ് ശരിയായി ലഭിച്ചു കൊള്ളണമെന്നില്ല. റിപോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി സ്പഷ്ടമായി കണക്കിലെടുക്കുന്ന ഒരു പുതിയ സര്‍വെ മാതൃക ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരെ റിപോര്‍ട്ട് ചെയ്ത കേസുകള്‍, റിപോര്‍ട്ട് ചെയ്യാത്ത കേസുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമാക്കിയാണ് ഞങ്ങളുടെ പഠനമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങി ജനങ്ങള്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പ്രവചനങ്ങളെല്ലാം പാളുമെന്നും ഒറ്റ മാസം 26 ലക്ഷം വരെ പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നും പ്രൊഫ. മനിന്ദ്ര മുന്നറിയിപ്പും നല്‍കുന്നു. ഈ മാസവും അടുത്ത മാസവുമായി വരുന്ന അവധിക്കാല സീസണും ആഘോഷങ്ങളും രാജ്യത്ത് കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.