അവസാനം കേരള കോൺഗ്രസുകളിലെ പ്രമുഖ വിഭാഗം ഇടതുമുന്നണിയിലെത്തി. കെഎം മാണി ജീവിച്ചിരുന്നപ്പോൾ തന്നെ അതിനുള്ള ശ്രമം തകൃതിയായി നടന്നിരുന്നു. ഒരു ഘട്ടത്തിൽ മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം പോലും നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു. എന്നാൽ ബാർ കോഴ കേസാണ് എല്ലാം അട്ടിമറിച്ചത്. തന്ത്രശാലിയായ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളും അന്നത്തെ നീക്കത്തെ തടഞ്ഞു. പിന്നീട് കെഎം മാണിയെ ഏതൊക്കെ രീതിയിലാണ് എൽഡിഎഫ് ആക്രമിച്ചിരുന്നതെന്നത് മറക്കാറായിട്ടില്ലല്ലോ. മാണിയുടെ വസതിയിൽ കൈക്കൂലി വാങ്ങാനായി നോട്ടെണ്ണൽ യന്ത്രം പോലുമുണ്ടെന്ന പ്രചാരണം നടന്നു. മാണിയുടെ ബജറ്റവതരണം തടയാനായി നിയമസഭയിൽ കാട്ടിക്കൂട്ടിയതൊക്കെ ഇപ്പോൾ കോടതിയിലാണ്.
ഒരർത്ഥത്തിൽ കേരളത്തിലെ മുന്നണി ഭരണവും മാറിമാറി അവ അധികാരത്തിൽ വരുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് ഏറെ സംഭാവനകൾ ചെയ്യുന്നുണ്ട്. ഒരേ പാർട്ടിയുടേയും മുന്നണിയുടേയും ദീർഘകാല ഭരണം ഒരിക്കലും ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല എന്ന് പശ്ചിമ ബംഗാൾ തന്നെ സാക്ഷി. അതു സഹായിക്കുക പാർട്ടിയുടേയോ മുന്നണിയുടേയോ സമഗ്രാധിപത്യത്തെയിരിക്കും.
മാത്രമല്ല, വിവിധ പാർട്ടികളുടെ സാന്നിധ്യം മുന്നണികൾക്കകത്തും ഒരു ജനാധിപത്യ സ്വഭാവത്തിനു കാരണമാകും. പലപ്പോഴും പരാജയപ്പെടുമെങ്കിലും ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ പല നയങ്ങൾക്കുമെതിരെ സിപിഐ നടത്തുന്ന ചെറുത്തുനിൽപുകൾ ഉദാഹരണം. അത്തരത്തിലൊക്കെ നോക്കിയാൽ ഇഎംഎസും കരുണാകരനുമൊക്കെ രൂപം കൊടുത്ത കേരളത്തിലെ മുന്നണി സംവിധാനം അഭിനന്ദനാർഹം തന്നെ. മാത്രമല്ല, ഇത്തരമൊരു സംവിധാനം നിലനിൽക്കുന്നതിനാലാണ് ശക്തിയിൽ മുന്നാം സ്ഥാനമുണ്ടായിട്ടും ബിജെപിക്കു കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനാകാത്തത്.
തീർച്ചയായും നിരവധി തെറ്റായ പ്രവണതകളും ഈ സംവിധാനത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനാണ് ഇപ്പോൾ കേരള രാഷ്ട്രീയ രംഗം സാക്ഷ്യം വഹിക്കുന്നത്. അധികാരത്തിനും മറ്റുപല താൽപര്യങ്ങൾക്കും വേണ്ടി മുന്നണി വിടാൻ ചെറിയ പാർട്ടികൾ തയാറാകുന്നതും അതുവരെ പറഞ്ഞതൊക്കെ മറന്ന് രണ്ടാം മുന്നണി അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതും ഇടക്കിടെ ആവർത്തിക്കുന്നു. യാതൊരു രാഷ്ട്രീയ നിലപാടിനും അവിടെ പ്രസക്തിയില്ല. അല്ലെങ്കിൽ ഇപ്പറഞ്ഞതെല്ലാം മറന്ന് എങ്ങനെ ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ പോകാനാകും? എങ്ങനെ അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഇടതുമുന്നണിക്കാകും? ബാർ കോഴ കേസിൽ മാണി കുറ്റക്കാരനല്ലെന്നറിഞ്ഞു തന്നെയാണ് തങ്ങൾ സമരം ചെയ്തതെന്നു പോലും എൽഡിഎഫ് കൺവീനർ പറഞ്ഞല്ലോ. പൊതുജനം കഴുത എന്നല്ലാതെ മറ്റെന്താണ് അതിനർത്ഥം? പി ജെ ജോസഫിനെ മറികടക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമാണ് മാണിപുത്രനുള്ളത്. ഭരണം തുടരുക എന്ന ഒറ്റലക്ഷ്യം മാത്രം ഇടതുമുന്നണിക്കും.
വാസ്തവത്തിൽ കേരള കോൺഗ്രസ് രൂപീകരണം മുതലുള്ള അതിന്റെ ചരിത്രം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. മറ്റു കാരണങ്ങൾക്കൊപ്പം, കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുമെന്നൊക്കെ പ്രഖ്യാപിച്ചായിരുന്നു കേരള കോൺഗ്രസ് രൂപം കൊണ്ടത്. വാസ്തവത്തിൽ പാർട്ടി രൂപം കൊള്ളുമ്പോൾ ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ വിരളമായിരുന്നു. ഇന്ന് പ്രാദേശിക പാർട്ടികൾ ഓരോ സംസ്ഥാനത്തും നിർണായക ശക്തികളായി മാറിയിരിക്കുന്നു. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് അവ തമ്മിൽ മുഖ്യമായും മത്സരിക്കുന്നത്.
തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇതു തന്നെ അവസ്ഥ. പേരെന്തു തന്നെയായാലും സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും ജനതാദളും രാഷ്ട്രീയ ജനതാദളുമൊക്കെ പ്രാദേശിക പാർട്ടികൾ തന്നെ. ബംഗാളിൽ പോലും തൃണമൂൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള പ്രധാന മത്സരം പ്രാദേശിക പ്രശ്‌നങ്ങളിൽ തന്നെയായിരുന്നല്ലോ. ബംഗാളിലെ സിപിഎം സത്യത്തിൽ ഒരു പ്രാദേശിക പാർട്ടി തന്നെ. എത്രമാത്രം ഫെഡറൽ ആകാൻ കഴിയുമോ അത്രയും ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് രാജ്യം ഫാസിസ്റ്റ് വെല്ലുവിളി നേരിടുമ്പോൾ. എന്നാൽ കേരള കോൺഗ്രസിനു അതിനു കഴിയാതെ ഉപ പ്രാദേശിക പാർട്ടിയായി മാറുകയായിരുന്നു. അവരവകാശപ്പെടുന്ന പോലെ കർഷകരുടെ പാർട്ടിയുമായില്ല. ഒരു വിഭാഗം റബർ കർഷകരുടെ പ്രാതിനിധ്യമാണ് അവർക്കുള്ളത്. പിന്നെ തികച്ചും സാമുദായിക പാർട്ടിയുമായി മാറി. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ റബർ കർഷകരുടെ ഒരു പാർട്ടി. രാജ്യമെങ്ങും കർഷക പ്രക്ഷോഭങ്ങൾ ആഞ്ഞടിക്കുമ്പോഴും എല്ലാ ഗ്രൂപ്പുകളും നിശ്ശബ്ദമാണല്ലോ. ഒപ്പം വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഒന്ന്. ഒരോ നേതാവിനും ഓരോ പാർട്ടി. എല്ലാവരുടേയും ലക്ഷ്യം അധികാരം. നിർഭാഗ്യവശാൽ ഇവരുടെ താളത്തിനൊത്ത് തുള്ളുകയാണ് ഇരുമുന്നണികളും കാലങ്ങളായി ചെയ്യുന്നത്. ആ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് ഇപ്പോൾ നടക്കുന്നത്.
കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഉളളടക്കം എക്കാലവും ദളിത്-ആദിവാസി വിരുദ്ധവും പരിസ്ഥിതി വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു ഗ്രൂപ്പും അതിൽ നിന്ന് വ്യത്യസ്തമല്ല. ഒപ്പം കൈയേറ്റ വന മാഫിയകളുടെ താൽപര്യങ്ങളാണ് അവർ എന്നും സംരക്ഷിക്കുന്നത്. ഗാഡ്ഗിലിനെ ഇവർ വിളിച്ച തെറികൾ മറക്കാറായിട്ടില്ലല്ലോ. ഭൂമാഫിയയും വിദ്യാഭ്യാസ മാഫിയയുമാണ് ഇവരുടെ കരുത്ത്. എന്നിട്ടും അധ്വാന വർഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു കെ എം മാണി എന്നതാണ് കൗതുകകരം. 2014 ൽ സിപിഎം പാലക്കാട്ടു സംഘടിപ്പിച്ച പ്ലീനത്തിൽ തൊഴിലാളികൾക്കും ദളിതർക്കും ആദിവാസികൾക്കും പരിസ്ഥിതിക്കുമെതിരായ 'അധ്വാനവർഗ സിദ്ധാന്തം' ആവിഷ്‌കരിച്ച മാണിയെ ക്ഷണിച്ചാദരിച്ച രാഷ്ട്രീയ അശ്ലീലത്തിനു പോലും കേരളം സാക്ഷിയായിരുന്നു.
കേരള കോൺഗ്രാ് ഗ്രൂപ്പുകളെ മാറി മാറി വാരിവറവുണരുന്നതിൽ അധികാരം എന്ന ലക്ഷ്യമൊഴികെ മറ്റൊന്നും മുന്നണികൾക്കും എന്നുമുണ്ടായിട്ടില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭരണത്തുടർച്ച മാത്രമാണ് ഇപ്പോൾ എൽഡിഎഫിനു മുന്നിലുള്ളത്. വോട്ടിന്റെ എണ്ണത്തിൽ ഇരുമുന്നണികളും തമ്മിലുള്ള അന്തരം വളരെ ചെറുതാണ്. എല്ലാ സമയത്തും ഭരണത്തിനെതിരെ വോട്ടു ചെയ്യുന്ന ഒരു ചെറിയ വിഭാഗമാണ് തെരഞ്ഞെടുപ്പു ഫലം നിർണയിക്കുന്നത്. സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് വിജയ സാധ്യത.
ആ ചരിത്രം തിരുത്താനാണ് എൽഡിഎഫിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ശ്രമം. അതിനാണ് എല്ലാ രാഷ്ട്രീയ മൂല്യങ്ങളും വലിച്ചെറിഞ്ഞുള്ള ഈ നീക്കമെന്ന് വ്യക്തം. ജോസ് കെ മാണിയുടെ സഹായത്തോടെ മധ്യ തിരുവിതാംകൂറിലെ ഏതാനും സീറ്റുകൾ നേടുക മാത്രമല്ല അവരുടെ ലക്ഷ്യം. പൊതുവിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ കൂടുതലും ലഭിക്കുന്നത് യുഡിഎഫിനാണല്ലോ. ഈ നീക്കത്തിലൂടെ ഒരു വിഭാഗം ക്രിസ്ത്യൻ വിഭാഗങ്ങളിൽ പിടിമുറുക്കുക എന്ന ലക്ഷ്യം കൂടി എൽഡിഎഫിനുണ്ട്. എല്ലാം അധികാരത്തിനു വേണ്ടി മാത്രം. ജനാധിപത്യത്തിൽ ഭരണപക്ഷത്തിരിക്കുന്നതു പോലെ തന്നെ പ്രധാനമാണ് പ്രതിപക്ഷത്തിരിക്കുന്നതും എന്ന അടിസ്ഥാന തത്വമാണ് നമ്മുടെ പാർട്ടികൾ മറക്കുന്നത്. അതാണ് ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളി.