Sorry, you need to enable JavaScript to visit this website.

ഗൗരിയെ കൊന്നത് നിന്ദ്യമായ രാഷ്ട്രീയത്തിന്റെ അസഹിഷ്ണുത

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ശേഷം ആദ്യമായി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അവരുടെ സഹോദരിയും പ്രമുഖ കന്നഡ സംവിധായികയുമായ കവിതാ ലങ്കേഷ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം:
 
ഗൗരി ഒരു മാധ്യമപ്രവര്‍ത്തക, ആക്ടിവിസ്റ്റ് എന്നിവയ്ക്കെല്ലാമുപരി എന്റെ പ്രിയപ്പെട്ട സഹോദരിയും ഉറ്റ ചങ്ങാതിയുമായിരുന്നു. വ്യക്തിപരമായ കാര്യങ്ങളെല്ലാം അവള്‍ക്ക് രാഷ്ട്രീയമായിരുന്നു. ഒരു ചങ്ങാതിയും മാര്‍ഗദര്‍ശിയും അതിനപ്പുറം ആയിരക്കണക്കിന് ആളുകള്‍ക്ക് എല്ലാമെല്ലാമായ ഒരു സഹോദരിയെ കുറിച്ച് എങ്ങനെ സംസാരിക്കും?
ഗൗരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ ആളുകളുടെ എണ്ണം കണ്ടപ്പോഴാണ് ശരിക്കും ഞാന്‍ ഗൗരി എന്തായിരുന്നു എന്നു തിരിച്ചറിഞ്ഞത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട എല്ലാ പ്രായത്തിലുമുള്ള മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍, ഹിന്ദുക്കള്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, നിരവധി സ്ത്രീകള്‍, യുവാക്കളായ വിദ്യാര്‍ത്ഥികള്‍, ബസ് ഡ്രൈവര്‍മാര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങി എല്ലാവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഞാനാണ് ഏറ്റവും പ്രശസ്തയെന്നായിരുന്ന എന്റെ തെറ്റിദ്ധാരണ. കാരണം  ഗൗരിയെ പലരും കവിതാ ലങ്കേഷായി കരുതിയിരുന്നു. പലരും ഞാന്‍ ഗൗരിയാണെന്നും തെറ്റിദ്ധരിച്ചു. വാസ്തവത്തില്‍ ഗൗരി മരിച്ചപ്പോള്‍ പല പത്രങ്ങളും സോഷ്യല്‍ മീഡിയയും ഗൗരി ലങ്കേഷിന്റെ പേരില്‍ എന്റെ ചിത്രമാണ് നല്‍കിയത്. ചിലര്‍ കവിത ലങ്കേഷ് മരിച്ചെന്നും എഴുതി. ഇക്കാര്യം ഞാനിവിടെ സൂചിപ്പിച്ചത് ഞങ്ങള്‍ തമ്മില്‍ അത്രത്തോളം അടുപ്പം ഉണ്ടായിരുന്നുവെന്നും ഞങ്ങളുടെ സ്വത്വം ഒന്നാണെന്നും പറയാനാണ്.
80-കളില്‍ എന്റെ അച്ഛന്‍ പി. ലങ്കേഷ്, ലക്ഷേഷ് പത്രികെ പ്രസിദ്ധീകരിച്ചു തുടങ്ങിയതും അതു മുന്നോട്ടു കൊണ്ടു പോയിരുന്നതും ഒരു പരസ്യവുമില്ലാതെയായിരുന്നു. പത്ര വില്‍പ്പനയിലൂടെ മാത്രമാണ് വരുമാനം ലഭിച്ചിരുന്നത്. ഈ പത്രത്തിനു വേണ്ടി ആളുകള്‍ കാത്തിരിക്കുമായിരുന്നു. ഏതു രാഷ്ട്രീയ പാര്‍ട്ടിയെ അദ്ദേഹം പിന്തുണച്ചാല്‍ അവര്‍ അധികാരത്തിലെത്തുന്ന നിമിഷം തൊട്ട് അദ്ദേഹം എതിര്‍പക്ഷത്താകും.
സര്‍ക്കാരിന് എതിരെയായിരിക്കും നിലപാട്. അച്ഛനോടൊപ്പം ഒരു ദിവസം നടക്കാനിറങ്ങിയത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരാള്‍ ഓടി വന്ന് അച്ഛനോട് സുരക്ഷയ്ക്കായി കൂടെ ആരുമില്ലാതെയാണോ നടക്കുന്നതെന്ന് അത്ഭുതം കൂറി. അക്കാലത്ത് അദ്ദേഹത്തിനെരെയും ഭീഷണികളുണ്ടായിരുന്നു. ഓഫീസില്‍ വരെ കയറി വന്ന് ചിലര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എങ്കിലും അതോന്നും കായികമായിട്ടായിരുന്നില്ല. എന്നാല്‍ കാലം വളരെ മാറിയിരിക്കുന്നു. ഒരു അഭിപ്രായം പറയാന്‍ കഴിയാത്ത, അല്ലെങ്കില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളെ പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്തു ലോകമാണ് നമ്മുടെ കുട്ടികള്‍ക്കും യുവജനങ്ങല്‍ക്കും വേണ്ടി നാം ബാക്കിവെക്കുന്നത് എന്ന ചിന്ത എന്നെ അലട്ടുന്നു.
2000-ല്‍ എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ ഗൗരി അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകയായിരുന്നു.  മാതൃഭാഷയില്‍ എഴുതാന്‍ മടിച്ച അവര്‍ ആദ്യമൊക്കെ ഇംഗ്ലീഷില്‍ എഴുതി അതുപിന്നീട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തെടുക്കുകയാണ് ചെയ്തിരുന്നത്. അവര്‍ പിന്നീട് കന്നഡയില്‍ മുങ്ങിപ്പോയി. രണ്ടു വര്‍ഷം കൊണ്ട് മാതൃഭാഷയില്‍ ചിന്തിക്കാനും എഴുതാനും തുടങ്ങി എന്നു മാത്രമല്ല സഹപ്രവര്‍ത്തകരുടെ വ്യാകരണ പിശകുകള്‍ തിരുത്തിക്കൊടുക്കുന്ന നിലയിലുമെത്തി. അത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് അവര്‍ മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നത്.
പലരും എന്നോട് ചോദിക്കാറുണ്ടായിരുന്നു എന്തുകൊണ്ട് ഗൗരിക്ക് വെറുമൊരു മാധ്യമപവര്‍ത്തക മാത്രമായിരുന്നു കൂടാ എന്ന്. എന്നാല്‍ എനിക്കു തോന്നുന്നത് ഒരാള്‍ക്കും ആക്ടിവിസ്റ്റാകാതെ ഒരു മാധ്യമപ്രവര്‍ത്തക മാത്രം ആകാന്‍ കഴിയില്ല എന്നാണ്. ഗൗരിയും കര്‍ണാടക ഫോറം ഫോര്‍ പീസ് ആന്റ് ഹാര്‍മണിയിലെ അവരുടെ സുഹൃത്തുക്കളും നക്സലൈറ്റുകളുമായി ചര്‍ച്ച തുടങ്ങുകയും ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയില്‍ ജീവിക്കണമെന്നാവശ്യപ്പെടുകയും ചെയ്തപ്പോള്‍ അവരെ നക്സലൈറ്റായി മുദ്രകുത്തുകയാണ് ചെയ്തത്. ആഴത്തില്‍ ഒന്നുമറിയാതെ പറയുകയും എഴുതുകയും ചെയ്യുന്നവരെ പ്രത്യേകിച്ച സോഷ്യല്‍ മീഡിയയിലുള്ളവരുടെ കമന്റുകളും ട്രോളുകളും എനിക്ക് മനസ്സിലാകുന്നില്ല.
ഗൗരിയെ കുറിച്ച് അവര്‍ തന്നെ പറഞ്ഞത് നോക്കൂ: 'ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ആരെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരേയും സംസാരിച്ചാല്‍ അവര്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നവരായി മുദ്രകുത്തപ്പെടുന്നു. അതു പോലെ തന്നെയാണ്, എന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോടും ഹിന്ദു ധര്‍മത്തിന്റെ ഭാഗമെന്ന് പറയപ്പെടുന്ന ജാതിവ്യവസ്ഥയോടുമുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാട്ടി എന്നെ ഹിന്ദു വിരോധിയായി വിമര്‍ശകര്‍ മുദ്രകുത്തുന്നതും. എങ്കിലും ഇതൊക്കെ തുടരുക എന്നത് എന്റെ ഭരണഘടനാപരമായ കടമാണ്. എന്റേതായിട്ടുള്ള ചെറിയ മാര്‍ഗങ്ങളിലൂടെയാണെങ്കിലും ബസവണ്ണയുടേയും ഡോ. അംബേദ്കറുടേയും പോരാട്ടങ്ങളെ പോലെ സമത്വത്തിലധിഷ്ടിതമായ സമൂഹസൃഷ്ടിപ്പിനുള്ള എന്റെ ശ്രമം തുടരും.'
ഗൗരി പലതുമായിരുന്നു. ഒരു നക്സല്‍ അനുഭാവി, ഇടതുപക്ഷക്കാരി, ഹിന്ദുത്വ വിരോധി, ധീരയായ മാധ്യമ പ്രവര്‍ത്തക, കരുത്തുറ്റ വനിത, പ്രചോദനം നല്‍കുന്ന മാര്‍ഗദര്‍ശി, അമ്മ, സേഹോദരി അങ്ങനെ എല്ലാം. സുഹൃത്തുക്കള്‍ പലപ്പോഴും ഗൗരിയോട് ഒരു കുടുംബമൊക്കെയായി കഴിയാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. 'ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങനെയാണ്. കുടുംബമായി കഴിയാന്‍ ഒരു പുരുഷന്റെ ആവശ്യമില്ല' എന്നായിരുന്നു ഗൗരിയുടെ മറുപടി. ഭീഷണികളൊക്കെ വരുന്ന പശ്ചാത്തലത്തില്‍ പോലീസിന്റെ സുരക്ഷ തേടണമെന്ന് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചിരുന്നു. ഇതൊക്കെ ചിരിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്. ഒരു പൊലീസുകാരന്റെ രൂപത്തില്‍ എന്റെ എല്ലാ ചലനങ്ങളേയും പിന്തുടരുന്ന മറ്റൊരു ഭര്‍ത്താവിനെ തേടിപ്പിടിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായിരുന്നു അവരുടെ മറു ചോദ്യം.
ഈയടുത്ത് ഗൗരിയെ അടക്കം ചെയ്ത ലിങ്കായത്ത് ശ്മശാനത്തില്‍ ഞങ്ങള്‍ പോയിരുന്നു. അവിടെ വെച്ച് എന്റെ മകള്‍ ചോദിച്ചത് എല്ലാ ജാതികളേയും ഉള്‍ക്കൊള്ളുന്ന ശ്മശാനം ഇവിടെ ഇല്ലെ എന്നായിരുന്നു. നമ്മുടെ പുതിയ തലമുറയ്ക്ക് നാം ഒരുക്കിക്കൊടുത്ത ലോകത്തെ ഓര്‍ത്ത് ഞാന്‍ സ്തംഭിച്ചു പോയി. 13-കാരിയായ എന്റെ മകള്‍ ആഗ്രഹിച്ചത്, തന്റെ അവ്വ (ഗൗരി) അന്ത്യ വിശ്രമം കൊള്ളുന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ശാന്തമായ ഒരിടത്തായിരിക്കണമെന്നായിരുന്നു.
ഞങ്ങളെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത് ആര് ഗൗരിയെ കൊലപ്പെടുത്തി എന്നതല്ല. എന്തിനാണ്, എന്തുകൊണ്ടാണ് അവള്‍ കൊല്ലപ്പെട്ടത് എന്നതാണ്. എന്നേയും കുടുംബത്തേയും സംബന്ധിച്ചിടത്തോളം ഗൗരിയുടെ കൊലപാതകത്തിനു പിന്നിലുള്ളത് നിന്ദ്യമായ രാഷ്ട്രീയത്തിന്റെ അസഹിഷ്ണുതയായിരുന്നു. കൊലയാളികള്‍ കരുതിയത് ഗൗരിയുടെ മരണത്തോടെ ആ ശബ്ദം നിലയ്ക്കും എന്നായിരുന്നു. പക്ഷെ നേരെ മറിച്ചാണ് സംഭവിച്ചത്. അവരുടെ എഴുത്തുകള്‍ മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
കേരളത്തിലുള്‍പ്പെടെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങളാണ് ഗൗരിയുടെ കൊലപാതകത്തെ അപലപിച്ച് സംഘടിപ്പിക്കപ്പെട്ടത്. ഞങ്ങളേയും ഗൗരിയുടെ ശബ്ദത്തേയും ലോകത്തൊട്ടാകെയുള്ള മനുഷ്യര്‍ ഇനിയും പിന്തുണയ്ക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഇത് എന്റെ സഹോദരി ഗൗരിക്കു  വേണ്ടി മാത്രമല്ല, എല്ലാ ഗൗരിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്ടുകള്‍ക്കും നീതി ലഭിക്കാന്‍ സഹായകമാകും.

Latest News