ന്യൂദല്‍ഹി-കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യഘട്ടത്തില്‍ രോഗ നിയന്ത്രണം കേരളത്തില്‍ സാധ്യമായിരുന്നു. പിന്നീട് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചകള്‍ക്കാണ് ഇപ്പോള്‍ വില നല്‍കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. സണ്‍ഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമര്‍ശിക്കുന്ന ഭാഗം ഉള്‍പ്പെട്ടിരിക്കുന്നത്.കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ രോഗ വ്യാപനം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.