മുംബൈ- മഹാരാഷ്ട്രയിലെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്ന് ഭരണകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസും. അസമിലെ ബിജെപി സര്‍ക്കാര്‍ ചെയ്തതു പോലെ മഹാരാഷ്ട്രയിലും സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന മദ്രസകളും പൂട്ടിക്കണമെന്ന് ഒക്ടോബര്‍ 15നാണ് മുംബൈ ബിജെപി എംഎല്‍എ അതുല്‍ ഭട്കല്‍ക്കര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടത്. മദ്രസകളുടെ ആധുനികവല്‍ക്കരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉടന്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയും മദ്രസകളുടെ ആധുനികവല്‍ക്കരണത്തെ പിന്തുണച്ചവരാണെന്ന് ബിജെപി ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
2014ലെ ബിജെപിയുടെ തെരഞ്ഞെുപ്പു പ്രകടന പത്രികയില്‍ മദ്രസകളുടെ ആധുനികവല്‍ക്കരണം ഒരു വാഗ്ദാനമായിരുന്നെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സചിന്‍ സാവന്ത് പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം എന്നായിരുന്നു മോഡിയുടെ മുദ്രാവാക്യം. തെരഞ്ഞെടുപ്പു വാഗ്ദാനവും മോഡിയുടെ മുദ്രാവാക്യവും ബിജെപി ഒന്നുകില്‍ അംഗീകരിക്കണം, അല്ലെങ്കില്‍ എംഎല്‍എയ്‌ക്കെതിരെ നടപടി എടുക്കണം- സചിന്‍ ആവശ്യപ്പെട്ടു.
മദ്രസകള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റുകള്‍ ബിജെപി ഭരണകാലത്തും നല്‍കിയിരുന്നതാണെന്ന് എന്‍സിപി നേതാവും സംസ്ഥാന ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക് പറഞ്ഞു. ഈ സംഭവത്തില്‍ ശിവ സേന പ്രതികരിച്ചിട്ടില്ല.