ന്യൂദല്‍ഹി- സംസ്ഥാനം വിഭജിച്ച് രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റപ്പെട്ട ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ലക്ഷണങ്ങളില്ല. പകരം 1989ലെ ജമ്മു കശ്മീര്‍ പഞ്ചായത്തീ രാജ് നിയമം ഭേദഗതി ചെയ്ത് പുതിയ ഭരണ സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സിലുകള്‍ (ഡിഡിസി) എന്ന പുതിയ സമിതികള്‍ രൂപീകരിച്ച് ഇതിലേക്ക് അംഗങ്ങലെ തെരഞ്ഞെടുക്കുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഓരോ ജില്ലയിലും 14 പ്രാദേശിക മണ്ഡലങ്ങള്‍ രൂപീകരിക്കും. ഈ മണ്ഡങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് ഡിഡിസി അംഗങ്ങളെ വോട്ടര്‍മര്‍ നേരിട്ട് തെരഞ്ഞെടുക്കുക. വിജയികള്‍ അവരില്‍ നിന്നൊരാളെ അധ്യക്ഷനായും ഒരാളെ ഉപാധ്യക്ഷനായും തെരഞ്ഞെടുക്കും. ജമ്മു കശ്മീര്‍ സംസ്ഥാനമായിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ജില്ലാ ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ക്ക് പകരമണ് പുതിയ ഡിഡിസികള്‍. എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരും ഉള്‍പ്പെടുന്ന ജില്ലാ ഡെവലപ്‌മെന്റ് ബോര്‍ഡുകളുടെ അധ്യക്ഷത ഒരു ക്യാബിനറ്റ് മന്ത്രിക്കോ സഹമന്ത്രിക്കോ ആയിരുന്നു. പുതിയ ഡിഡിസികളിലേക്ക് അംഗങ്ങളെ വോട്ടര്‍മാര്‍ നേരിട്ടാണ് തെരഞ്ഞെടുക്കുക.
ഓരോ ഡിഡിസിക്കും അതതു ജില്ലകളുടെ ഭരണാധികാരമുണ്ടാകും. എന്നാല്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധികള്‍ ഡിഡിസി അധികാരപരിധിയില്‍ ഉള്‍പ്പെടില്ല. ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലുകളും ഇനി ഡിഡിസിക്കു കീഴില്‍ വരും. സര്‍ക്കാര്‍ ഡിഡിസിക്ക് ഗ്രാന്റ് അനുവദിക്കും.
സംസ്ഥാനമായിരുന്നപ്പോള്‍ ജില്ലാ ഡെവലപ്‌മെന്റ് ബോര്‍ഡുകളായിരുന്നു ആസൂത്രണത്തിന്റേയും വികസനപ്രവര്‍ത്തനങ്ങളുടേയും ജില്ലകള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിന്റേയും പൂര്‍ണ നേതൃത്വം. കേന്ദ്ര പദ്ധതി വിഹിതയും സംസ്ഥാന ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ജില്ലാ ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പുതുതായി രൂപീകരിച്ച ജില്ലാ ഡെവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പു വിജ്ഞാപനം 10 ദിവസത്തനകം വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.