Sorry, you need to enable JavaScript to visit this website.

ഇങ്ങനെയാണ് വനിതാ നേതാക്കള്‍; ജസീന്ദയെ അഭിനന്ദിച്ച് മന്ത്രി ശൈലജ

തിരുവനന്തപുരം- ന്യൂസിലാൻഡ്​ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി ജസീന്ദ ആർഡേന്​ അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വെല്ലുവളികളെ വനിതാ നേതാക്കള്‍ എങ്ങനെ അതിജീവിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദിയെന്ന് മന്ത്രി ശൈലജ ട്വിറ്ററില്‍ പറഞ്ഞു.

''നിങ്ങൾ ​ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന്​ ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങൾ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി'', മന്ത്രി പറഞ്ഞു.

ജസീന്ദയുടെ മധ്യ-ഇടതു ലേബര്‍ പാര്‍ട്ടി ന്യൂസിലാന്‍ഡില്‍ അരനൂറ്റാണ്ടിനിടയിലെ ഗംഭീര വിജയമാണ് കരസ്ഥമാക്കിയത്.
കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തിനും വിജയത്തിനും ജനങ്ങള്‍ നല്‍കിയ പാരിതോഷികമാണ് ഈ വിജയവും രണ്ടാമൂഴവുമെന്ന് നിരീക്ഷകര്‍ വിലയിരുത്തി. കോവിഡ് കൈകാര്യം ചെയ്തതില്‍ ജനങ്ങള്‍ വളരെ നന്ദിയുള്ളവരും സന്തുഷ്ടരുമാണെന്നാണു ജനവിധി തെളിയിക്കുന്നതെന്നു ധനമന്ത്രി ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലും എല്ലാ വിഭാഗങ്ങളേയും പരിഗണിക്കുന്ന നിലപാടുകളിലും ജസിന്ദ ആര്‍ഡേന്‍ ലോകത്തിന്റെ കയ്യടി നേടിയിരുന്നു.  പതിറ്റാണ്ടുകള്‍ക്കു ശേഷം ന്യൂസിലന്‍ഡില്‍ ഏകകക്ഷി സര്‍ക്കാരിനെ നയിക്കാനാണ്  40കാരിയായ ജസിന്ദക്ക് അവസരമൊരുക്കിയത്. നിലവിലെ സര്‍ക്കാരിലുള്ള ഗ്രീന്‍ പാര്‍ട്ടി പോലുള്ള ചെറുകക്ഷികളെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല.
50 വര്‍ഷത്തിനിടെ ലേബര്‍ പാര്‍ട്ടിക്കു ന്യൂസിലന്‍ഡ് നല്‍കിയ ഏറ്റവും വലിയ പിന്തുണയാണിത്. ഇതു ഞങ്ങള്‍ നിസ്സാരമായി കാണില്ലെന്നും എല്ലാവരെയും പരിഗണിക്കുന്ന സര്‍ക്കാരായിരിക്കുമെന്നും ജസിന്ദ  പറഞ്ഞു. ഓക്‌ലന്‍ഡിലെ വസതിക്കു പുറത്ത് ഒത്തുകൂടിയ അനുയായികളെ ആലിംഗനം ചെയ്താണു പ്രധാനമന്ത്രി സന്തോഷം പങ്കിട്ടത്. മികച്ച വിജയം നേടിയതിനു പ്രധാനമന്ത്രിയെ വിളിച്ച് അഭിനന്ദിച്ചതായി പ്രതിപക്ഷത്തെ നാഷനല്‍ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിന്‍സ് പറഞ്ഞു.
ലേബര്‍ പാര്‍ട്ടി 49 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോള്‍ നാഷനല്‍ പാര്‍ട്ടിക്ക് 27 ശതമാനം മാത്രമാണു ലഭിച്ചതെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇതു ചരിത്രപരമായ മാറ്റമാണെന്നു വെല്ലിംഗ്ടണ്‍ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ബ്രൈസ് എഡ്വേര്‍ഡ്‌സ് പറഞ്ഞു. 80 വര്‍ഷത്തിനിടെ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News