മുംബൈ- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിനെതിരായ പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഊര്‍ജിതമാക്കി. 1999നും 2009നുമിടയില്‍ വിദര്‍ഭ ഇറിഗേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനു കീഴില്‍ നടപ്പാക്കിയ 12 പദ്ധതികളാണ് ഇഡി അന്വേഷിക്കുന്നത്. ഈ കാലയളവില്‍ വിദര്‍ഭ ഇറിഗേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കൃഷ്ണ വാലി ഇറിഗേഷന്‍ പദ്ധതി, കൊങ്കണ്‍ ഇറിഗോഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അണക്കെട്ടു നിര്‍മാണ ടെന്‍ഡറുകള്‍, തിരുത്തിയ ഭരണാനുമതികള്‍, കരാറുകാര്‍ക്ക് പണം നല്‍കിയ ബില്ലുകള്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇ.ഡി തേടിയിരിക്കുകയാണ്. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറായിരുന്നു 1999 മുതല്‍ 2009 വരെ ജലവിഭവ വകുപ്പു മന്ത്രി. ഇപ്പോഴത്തെ ഇ.ഡി നീക്കം പവാറിനെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഈ പദ്ധതികളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന ആരോപണം 2012ലാണ് ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷണം നടന്നു. 2019 ഡിസംബറില്‍ ഈ കേസില്‍ അജിത് പവാറിന് ആന്റി കറപ്ഷന്‍ ബ്യൂറോ ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നിലവിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടു മുമ്പത്തെ ദിവസം, 2019 നവംബര്‍ 27ന് അജിത് പവാറിനെ കുറ്റമുക്തനാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തെ ജലസംരക്ഷണ പദ്ധതിയായ ജല്‍യുക്ത് ശിവര്‍ അഭിയാനിലെ ഇടപാടുകള്‍ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് അജിത് പവാറിനെതിരായ പഴയ കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ഇ.ഡി ഇപ്പോള്‍ തുനിറങ്ങിയിരിക്കുന്നത്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആഴ്ചകള്‍ക്കു മുമ്പ് അജിത് പവാറിനും ആരോപണവിധേയര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കേസ് അവസാനിപ്പിച്ചുള്ള റിപോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ നീക്കത്തേയും ഇ.ഡി കോടതിയില്‍ എതിര്‍ത്തിരുന്നു.