കോട്ട- മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റില്‍ ഒന്നാം റാങ്ക് നേടിയ ഒഡീഷയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സൊയബ് അഫ്താബ് മുഴുവന്‍ മാര്‍ക്കും സ്‌കോര്‍ ചെയ്ത് ചരിത്രം സൃഷ്ടിച്ചു. 720ല്‍ 720 മാര്‍ക്കും നേടിയ 18കാരന് രണ്ടു വര്‍ഷത്തോളമായി വീട്ടിലേക്കു പോലും പോകാതെ രാജസ്ഥാനിലെ കോട്ടയില്‍ കഠിന പരിശ്രമത്തിലായിരുന്നു. ലോക്ഡൗണ്‍ കൂടി വന്നതോടെ പഠനവും കടുപ്പിച്ചതായി സൊയബ് പറഞ്ഞു. ഒരു കാര്‍ഡിയോളജിസ്റ്റാകാനാണ് സൊയബിന്റെ ആഗ്രഹം. കോവിഡ് ഭീഷണിക്കിടെ പരീക്ഷ എഴുതുമ്പോള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് പഠനത്തിനായി വിനിയോഗിച്ചത്. പ്രവേശന പരീക്ഷാ കോച്ചിങ് കേന്ദ്രങ്ങളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാനിലെ കോട്ടയില്‍ മതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് സൊയബ് കഴിഞ്ഞിരുന്നത്.
സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. യുവാക്കള്‍ക്ക് പ്രചോദനമാകാനും ആഗ്രഹിക്കുന്നു- സൊയബ് പറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനാണ് സൊയബിന്റെ പിതാവ്. ചരിത്ര നേട്ടത്തില്‍ നന്ദി സൂചകമായി അജ്മീര്‍ ദര്‍ഗ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് തങ്ങളെന്ന് കുടുംബം പറഞ്ഞു.