മഥുര- ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ പുരാതന ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കോടതി വാദം കേൾക്കും. കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, സുന്നീ വഖഫ് ബോർഡ് അടക്കം എല്ലാ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു. നവംബർ 18 കോടതിയിൽ ഹാജരകാണമെന്നും ആവശ്യപ്പെട്ടു. 17ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയാണിത്.
ഈ ആവശ്യമുന്നയിച്ചുള്ള ഹർജി രണ്ടാഴ്ച മുൻപ് മഥുര സീനിയർ ഡിവിഷൻ സിവിൽ കോടതി തള്ളിയിരുന്നു. മുൻ ഹർജിക്കാരായ ലഖ്‌നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രിയും സംഘവുമാണ് പുതിയ ഹർജിയും സമർപ്പിച്ചത്. മഥുര ക്ഷേത്ര പ്രതിഷ്ഠയായ ഭഗവാൻ ശ്രീ കൃഷ്ണ വിരാജ്മാനു വേണ്ടി 'അടുത്ത സുഹൃത്ത്' രഞ്ജന അഗ്നിഹോത്രിയും മറ്റുള്ളവരും സമർപ്പിക്കുന്ന ഹർജി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് ഹർജി സമർപ്പിക്കാൻ കഴിയാത്തവരെ പ്രതിനിധീകരിക്കുന്ന ആളെ വിശേഷിപ്പിക്കുന്ന നിയമ പദമാണ് 'അടുത്ത സുഹൃത്ത്' എന്നത്.
ഈദ്ഗാഹ് ശ്രീകൃഷ്ണ ജന്മഭൂമിയാണെന്നും ഈ സ്ഥാനത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇതു പൊളിച്ചുമാറ്റാൻ ഉത്തരവിടണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ 13.37 ഏക്കര്‍ ഭൂമി പൂര്‍ണമായും തിരിച്ചുപിടിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും കാലങ്ങളായി ഉന്നയിച്ചു വരുന്ന ആരോപണമാണ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിവാദം. 1989ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത സിവില്‍ കേസാണ് 2019ല്‍ സുപ്രീം കോടതിയില്‍ വിജയം കണ്ടത്. സമാന നീക്കമാണ് ശ്രീകൃഷ്ണ ജന്മഭൂമി വിവാദം കത്തിക്കാനുള്ള ശ്രമത്തിനു പിന്നിലും.
പുതിയൊരു വര്‍ഗീയ ധ്രൂവീകരണത്തിനു വഴിവെക്കാവുന്ന ഈ ആവശ്യത്തിനു വിലങ്ങായി 1991ലെ ആരാധനാലയ നിയമം നിലവിലുണ്ട്. അയോധ്യാ ഭൂമിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ഈ നിയമ പ്രകാരം ഇന്ത്യയില്‍ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നിലനിന്നിരുന്ന ബാബരി മസ്ജിദ് ഒഴികെയുള്ള മറ്റെല്ലാ ആരാധനാലയങ്ങളും അതേപോലെ സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. രാമ ജന്മഭൂമി പ്രക്ഷോഭം കത്തിനില്‍ക്കുന്ന സമയത്ത് രാജ്യത്തെ മറ്റു ആരാധനാലയങ്ങളെ സംരക്ഷിക്കുന്നതിനായി പാസാക്കിയ നിയമമാണിത്. ഈ നിയമ പ്രകാരം മസ്ജിദ് ക്ഷേത്രമാക്കാനോ ക്ഷേത്രം മസ്ജിദ് ആക്കിമാറ്റാനോ പാടില്ല. അയോധ്യ ഭൂമി രാമ ജന്മഭൂമി ട്രസ്റ്റിനു വിട്ടുനല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി ഈ നിയമം എടുത്തു കാട്ടി സമാന തര്‍ക്കങ്ങള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.